NEWS

പുതിയ ഗാർഹിക പാചകവാതക കണക്‌ഷൻ: സിലിണ്ടർ വലുപ്പം കുറച്ചു, നിരക്ക് കുത്തനെ കൂട്ടി


തിരുവനന്തപുരം ∙ പുതിയ ഗാർഹിക പാചകവാതക കണക്‌ഷന് അപേക്ഷിക്കുമ്പോൾ ലഭിക്കുക 14.2 കിലോഗ്രാമിന് പകരം 10 കിലോഗ്രാമിന്റെ കോംപസിറ്റ് ഗ്യാസ് സിലിണ്ടർ. വിലയും കണക്‌ഷൻ നിരക്കുകളും ഉയർത്തുകയും ചെയ്തു. പശ്ചിമേഷ്യൻ സംഘർഷംമൂലം കേന്ദ്രം വരുത്തിയ പരിഷ്കരണങ്ങളുടെ ഭാഗമായി എണ്ണക്കമ്പനികൾ കേരളത്തിൽ കഴിഞ്ഞ ഏതാനും മാസങ്ങളായി ഇതു നടപ്പാക്കിത്തുടങ്ങി. 10 കിലോഗ്രാമിന്റെ പുതിയ കണക്‌ഷനും റഗുലേറ്ററും മറ്റും ലഭിക്കാനും 5000 രൂപ വരെ നൽകണം. ഇതു കണക്‌ഷൻ സറണ്ടർ ചെയ്യുമ്പോൾ തിരിച്ചു നൽകില്ലെന്ന വ്യവസ്ഥയിലാണെന്ന് ഏജൻസി വൃത്തങ്ങൾ പറഞ്ഞു. പുറമേ ഇത്തരം സിലിണ്ടർ നിറയ്ക്കാനുള്ള തുക 1500 രൂപയിലേറെയാണ്. മുൻപ് ഗാർഹിക സിലിണ്ടറിനുള്ള പുതിയ കണക്‌ഷന് 4000 രൂപ വരെ നൽകിയാൽ മതിയായിരുന്നു. സബ്സിഡി സിലിണ്ടർ നിറയ്ക്കാൻ നിലവിൽ 960 രൂപ വരെയാണു കേരളത്തിലെ വില. പഴയ കണക്‌ഷനുമായി താരതമ്യം ചെയ്യുമ്പോൾ സിലിണ്ടറിന് കിലോഗ്രാമിന് ഇരട്ടിയിലേറെയാണു വിലവർധന. പുതിയ ഉപയോക്താക്കൾക്കു സിലിണ്ടറിന്റെ വലുപ്പം കുറയുന്നതിനാൽ പ്രതിവർഷം കൂടുതൽ സിലിണ്ടറുകളും ആവശ്യമായി വരും.


Fashion ⏭️

Back to top button