NEWS
ഒമാനിലെ ബോംബ് ഭീഷണിക്ക് പിന്നാലെ കത്തിക്കയറി ക്രൂഡോയിലും സ്വർണവും; വെടിനിർത്തൽ നീട്ടില്ല, ഇറാൻ കീഴടങ്ങണമെന്ന് ട്രംപ്; തകർച്ചയിലേക്ക് ഓഹരി

പശ്ചിമേഷ്യയിൽ സുസ്ഥിര സമാധാനത്തിനായി യുഎസും ഇറാനും ജൂൺ 17ന് ഒപ്പുവച്ച 60-ദിന കരാറിന്റെ കാലാവധി തീർന്നു. വെടിനിർത്തൽ നീട്ടാനില്ലെന്ന് ‘ഫോക്സ് ന്യൂസി’ന് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞ ട്രംപ്, ഇറാനോട് കീഴടങ്ങാനും ആവശ്യപ്പെട്ടു. ഹോർമുസ് തുറക്കാനായി ഇറാനും ഒമാനും ഉഭയകക്ഷി ചർച്ച നടത്തുന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ ട്രംപ് ക്രുദ്ധനായി. ഒമാനും ഇറാന്റെ വഴിക്കാണ് നീങ്ങുന്നതെങ്കിൽ അവരെയും ബോംബിട്ട് തകർക്കുമെന്ന് ട്രംപ് പറഞ്ഞു. അന്തിമലക്ഷ്യം ഇറാന് ആണവായുധം ലഭിക്കുന്നില്ലെന്ന് ഉറപ്പാക്കുകയാണെന്നും ട്രംപ് വ്യക്തമാക്കി.ഹോർമുസ് തുറന്നുതന്നെ കിടക്കുകയാണെങ്കിലും കപ്പലുകളെ യുഎസ് ആണ് ഇപ്പോൾ നിയന്ത്രിക്കുന്നതെന്നും എണ്ണവില താഴുകയാണെന്നും ട്രംപ് പറഞ്ഞു. ഹോർമുസ് കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾക്ക് നേരെ ഇറാൻ വെടിവയ്ക്കുകയാണെന്നും ട്രംപ് പറഞ്ഞു. ‘‘കടലിൽ ബോംബുകൾ (മൈൻ) സ്ഥാപിച്ച് ഇറാന് ഇപ്പോഴും കപ്പലുകളെ തകർക്കാൻ കഴിയും. പക്ഷേ, ഒരു കാര്യമുണ്ട്. യുഎസിന്റെ കപ്പൽ ഉപരോധം ഇറാനെ ഉലയ്ക്കുകയാണ്. അവരുടെ എണ്ണ കയറ്റുമതി പൂർണമായും നിലച്ചു’’ – ട്രംപ് പറഞ്ഞു.യുഎസ് ഓഹരി വിപണിയിൽ ഫ്യൂച്ചേഴ്സ് സൂചികകൾ നിർജീവമായിരുന്നു. എസ് ആൻഡ് പി500 ഫ്യൂച്ചേഴ്സും നാസ്ഡാക് 100 ഫ്യൂച്ചേഴ്സും 0.33% വരെ താഴ്ന്നു. ഡൗ ജോൺസ് ഇൻഡസ്ട്രിയൽ ആവറേജ് ഫ്യൂച്ചേഴ്സ് 25 പോയിന്റും നഷ്ടത്തിലായി. പതിവു വ്യാപാരത്തിൽ ഡൗ ജോൺസ് 0.51%, നാസ്ഡാക് 0.32%, എസ് ആൻഡ് പി500 സൂചിക 0.52% എന്നിങ്ങനെ നഷ്ടത്തിലാണുള്ളത്. യൂറോപ്യൻ സൂചികകളും ചുവന്നു. ഏഷ്യയിൽ ജാപ്പനീസ് നിക്കേയ് 0.99%, ഷാങ്ഹായ് 0.05%, ഹോങ്കോങ് 1.00% എന്നിങ്ങനെയും താഴ്ന്നുനിൽക്കുന്നു.
Fashion ⏭️


