NEWS

ഡാമുകളിൽ വെള്ളമില്ല, കേരളം വൈദ്യുതി പ്രതിസന്ധിയിലേക്ക്

മലപ്പുറം: പ്രധാനപ്പെട്ട ജലവൈദ്യുത അണക്കെട്ടുകളിലെ ജലനിരപ്പ് ആശങ്കാജനകമായി താഴ്ന്നതോടെ സംസ്ഥാനം കടുത്ത ഊർജ്ജ പ്രതിസന്ധിയിലേക്ക്. കെ.എസ്.ഇ.ബിയുടെ പ്രധാന 17 ജലവൈദ്യുത അണക്കെട്ടുകളിലായി നിലവിൽ ആകെ സംഭരണശേഷിയുടെ 30.55 ശതമാനം വെള്ളമാണുള്ളത്. അതായത് ആകെ സംഭരണശേഷിയായ 3,669.75 മില്യൺ ക്യൂബിക് മീറ്ററിൽ (എം.സി.എം) നിലവിലുള്ളത് 1,121.57 എം.സി.എം വെള്ളം. പ്രതീക്ഷിച്ചത്ര മൺസൂൺ മഴ ഇത്തവണ സംസ്ഥാനത്ത് ലഭിക്കാത്തതാണ് കാരണം.

ഇടുക്കി അണക്കെട്ടിൽ സംഭരണശേഷിയുടെ 28.78 ശതമാനം (420.03 എം.സി.എം) വെള്ളമേയുള്ളൂ. പത്തനംതിട്ടയിലെ പമ്പ ഡാമിൽ ജലനിരപ്പ് 4.53 ശതമാനത്തിലെത്തി. ജൂൺ ഒന്ന് മുതൽ ജൂലായ് 15 വരെ കേരളത്തിൽ മൺസൂൺ മഴയിൽ 32 ശതമാനത്തിന്റെ കുറവാണുള്ളത്. നിലവിൽ പ്രതിദിന ഉപഭോഗത്തിന്റെ 83 ശതമാനം വൈദ്യുതിയും പുറത്തുനിന്ന് വാങ്ങുന്ന കേരളത്തിന് ഡാമുകളിലെ ജലനിരപ്പ് താഴുന്നത് ഇരട്ടപ്രഹരമാകും.

ജൂണിലെ കണക്കുപ്രകാരം സംസ്ഥാനത്തെ പ്രതിദിന ശരാശരി വൈദ്യുതി ഉപഭോഗം 88.45 മില്യൺ യൂണിറ്റാണ്. എന്നാൽ,ഇതിൽ ജലവൈദ്യുതി,കാറ്റ്,സൗരോർജ്ജം എന്നിവയുൾപ്പെടെയുള്ള ആഭ്യന്തര സ്രോതസുകളിൽ നിന്ന് കേരളത്തിൽ ഉത്പാദിപ്പിക്കുന്നത് 15 മില്യൺ യൂണിറ്റ് (17%). ശേഷിക്കുന്ന 73.45 മില്യൺ യൂണിറ്റ് വൈദ്യുതി പുറത്തുനിന്ന് വാങ്ങുന്നതാണ്.

ഇരട്ടിയാക്കും

ഇതരസംസ്ഥാനങ്ങളിൽ നിന്നും കേന്ദ്ര വിഹിതത്തിൽ നിന്നും കേരളത്തിലേക്ക് വൈദ്യുതി എത്തിക്കുന്നതിനുള്ള ശേഷി മൂന്ന് വർഷത്തിനകം ഇരട്ടിയായി വർദ്ധിപ്പിക്കാനാണ് കെ.എസ്.ഇ.ബിയുടെ പദ്ധതി. വൻതോതിൽ വൈദ്യുതിയെത്തിക്കാൻ നിലവിലുള്ള ലൈനുകൾക്കും സബ്‌സ്റ്റേഷനുകൾക്കും പരിമിതികളുണ്ട്. നിലവിൽ 6,540 എം.വി.എ (മെഗാ വോൾട്ട് ആമ്പിയർ) ശേഷിയുള്ള 400/220 കെ.വി അന്തർസംസ്ഥാന ട്രാൻസ്‌ഫോർമർ സംവിധാനമാണുള്ളത്. ഇത് വർദ്ധിപ്പിക്കാൻ സംസ്ഥാനത്തെ അഞ്ച് പ്രധാന 400 കെ.വി സബ്‌സ്റ്റേഷനുകൾ നവീകരിക്കും. ഇതോടെ ശേഷി 12,040 എം.വി.എയായി ഉയരും.

ഡാം…………………………………………….നിലവിലുള്ള വെള്ളം

ഇടമലയാർ……………………………………..36.54%

കക്കി (ആനത്തോട്)……………………..30.48%

ബാണാസുര സാഗർ…………………..28.53%

ഷോളയാർ……………………………………….28.82%

പൊന്മുടി…………………………………………..42.56%

ഇടമലയാർ………………………………………36.54%

കുറ്റിയാടി…………………………………………45.33%

പെരിങ്ങൽക്കുത്ത്………………………..49.83%

ആനയിറങ്ങൾ……………………………….22.47%

മാട്ടുപ്പെട്ടി………………………………………..7.74%

Read News ⏭️

Back to top button