NEWS
മൊബൈലും മൈക്കുമായി നടക്കുന്നവരെല്ലാം മാധ്യമ പ്രവർത്തകരല്ല: നിയന്ത്രിക്കണമെന്ന് ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി∙ യാതൊരു പരിശീലനവുമില്ലാതെ മൊബൈൽ ഫോണും മൈക്കുമായി നടക്കുന്നവരെ എല്ലാം മാധ്യമ പ്രവർത്തകരായി കണക്കാക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി. ഇവർക്ക് മാധ്യമ പരിശീലനമോ ധാർമിക ബോധമോ ഉത്തരവാദിത്തമോ ഉണ്ടാകാറില്ലെന്നും കോടതി നിരീക്ഷിച്ചു. മാധ്യമസ്വാതന്ത്ര്യത്തെ ഹനിക്കാതെ, നിയന്ത്രിക്കുന്നതിനായി നിയമനിർമാണം നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും കോടതി ഓർമിപ്പിച്ചു.അനധികൃതമായി നിർമിച്ചുവെന്ന് ആരോപിച്ച് ആരാധനാലയത്തെക്കുറിച്ച് വിഡിയോ ചിത്രീകരിക്കുന്നതിനിടെ രണ്ട് യുട്യൂബർമാർക്കെതിരെ ആൾക്കൂട്ടാക്രമണം ഉണ്ടായ കേസിൽ പ്രതികൾക്ക് ജാമ്യം അനുവദിച്ചുകൊണ്ടാണ് കോടതിയുടെ നിരീക്ഷണം. ഇത്തരം സ്വയം പ്രഖ്യാപിത മാധ്യമ പ്രവർത്തകർ പലപ്പോഴും ആളുകളോട് ചോദ്യങ്ങൾ ചോദിക്കുന്നത് തെറ്റിദ്ധാരണാജനകമായ കഥകൾ സൃഷ്ടിക്കുന്നതിനു കാരണമാകുമെന്ന് കോടതി പറഞ്ഞു. കാര്യങ്ങൾ പൂർണമായി മനസ്സിലാക്കാതെയുള്ള വാർത്തകളും വസ്തുതാവിരുദ്ധമായ ആരോപണങ്ങൾ പ്രചരിപ്പിക്കുന്നതും സമൂഹത്തിൽ വലിയ ഭിന്നതകൾക്കും വർഗീയ സംഘർഷങ്ങൾക്കും കാരണമായേക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി.
Fashion ⏭️


