NEWS

ഇറാൻ–യുഎസ് സംഘർഷം രൂക്ഷം; ജനവാസമേഖലയിലും ആക്രമണം, ആദ്യമായി സിറിയയെ ലക്ഷ്യമിട്ട് ഇറാൻ


ടെഹ്റാൻ ∙ പശ്ചിമേഷ്യയിൽ ഇറാൻ–യുഎസ് സംഘർഷം രൂക്ഷമായതോടെ ആക്രമണം ജനവാസമേഖലകളിലേക്കും വ്യാപിച്ചു. തെക്കൻ ഇറാനിലെ ബന്തർ ഖമീർ തുറമുഖത്ത് 5 പാലങ്ങൾ യുഎസ് സേന ബോംബിട്ടു തകർത്തു. റെയിൽവേ സ്റ്റേഷനിലും പാക്ക് അതിർത്തിയോടു ചേർന്ന ഇറാൻഷർ പ്രവിശ്യയിലെ വിമാനത്താവളത്തിലും ആക്രമണമുണ്ടായി. 8 പേർ കൊല്ലപ്പെട്ടു. തിരിച്ചടിയായി കുവൈത്തിലെ വൈദ്യുതനിലയവും ജലപ്ലാന്റും ഇറാൻ ആക്രമിച്ചു. ഇറാൻ തുറമുഖത്തുനിന്നുള്ള എണ്ണക്കപ്പൽ യുഎസ് നാവികസേന പിടിച്ചെടുത്തു. ഒമാൻതീരത്തു സൊമാലിയൻ കടൽക്കൊള്ളക്കാർ കപ്പൽ ആക്രമിച്ചു. കപ്പലിലെ ജീവനക്കാർ സുരക്ഷിതരാണെന്ന് യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് അറിയിച്ചു. സിറിയയിലെ തൻഫ് യുഎസ് സേനാതാവളത്തിലും ജോർദാനിലെ യുഎസ് താവളത്തിലും ഇറാൻ മിസൈൽ ആക്രമണം നടത്തി. യുദ്ധം ആരംഭിച്ചശേഷം ആദ്യമായാണ് സിറിയയിൽ ഇറാന്റെ ആക്രമണം. സിറിയയിലെ ആക്രമണത്തിൽ യുഎസ് സൈനികർ കൊല്ലപ്പെട്ടതായി ഇറാൻ അവകാശപ്പെട്ടെങ്കിലും യുഎസ് സേനയും സിറിയയും നിഷേധിച്ചു. ഇറാൻ മിസൈലുകൾ വെടിവച്ചിട്ടതായി ജോർദാൻ പറഞ്ഞു.


Fashion ⏭️

Back to top button