NEWS

32 രൂപയുടെ ഗുളികയ്ക്ക് 400 രൂപ! കീശ ചോർത്തുന്ന ‘നോൺ-ഷെഡ്യൂൾഡ്’ കൊള്ള; മരുന്നുവില വർധനവിന്റെ കാരണങ്ങൾ അറിയാം


ഒരു ഉൽപന്നത്തിന് ഇന്ത്യയിൽ ഈടാക്കാവുന്ന ഏറ്റവും ഉയർന്ന വിലയാണ് എംആർപി അഥവാ പരമാവധി വിൽപന വില. ഇത് ഉപഭോക്താക്കളെ ചൂഷണത്തിൽ നിന്ന് സംരക്ഷിക്കാൻ ഏർപ്പെടുത്തിയിട്ടുള്ള സംവിധാനമാണെങ്കിലും രാജ്യത്ത് മരുന്നുവിലയിലെ കൊള്ള സുലഭമാണ്. എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട്, ഡിപിസിഒ, എൻപിപിഎ തുടങ്ങിയ സംവിധാനങ്ങളും നിയമങ്ങളും നിലവിലുണ്ടെങ്കിലും, നോൺ-ഷെഡ്യൂൾഡ് വിഭാഗത്തിൽ പെടുന്ന മരുന്നുകളുടെ അനിയന്ത്രിതമായ വിലയും കോർപറേറ്റ് ആശുപത്രികളുടെയും മരുന്ന് കമ്പനികളുടെയും അമിതലാഭവും സാധാരണക്കാരെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. മരുന്നുകളുടെ ഉൽപാദനം മുതൽ വിപണനം വരെയുള്ള ഘട്ടങ്ങളിലെ അപാകതകളും നിയന്ത്രണങ്ങളിലെ പോരായ്മകളുമാണ് ഈ വിലക്കയറ്റത്തിന് കാരണം. മരുന്നിനു വില നിശ്ചയിക്കുന്നത് എങ്ങനെയാണെന്നും വില ഉയരുന്നതിനു പിന്നിലെ കാരണങ്ങളും അറിയാം.മരുന്നിന് വിലയിടുന്നതാര്? മരുന്നിന്റെ വില കൂടും അല്ലെങ്കിൽ കുറയുമെന്ന് സ്ഥിരം കേൾക്കുന്ന പല്ലവിയാണ്. എന്നാൽ, മരുന്നുകൾക്ക് വില നിശ്ചയിക്കുന്നത് ആരാണ്? ഇന്ത്യയിൽ രാസവസ്തു-വളം മന്ത്രാലയത്തിനു കീഴിലുള്ള കെമിക്കൽസ് ആൻഡ് പെട്രോകെമിക്കൽസ് വകുപ്പും ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിനു കീഴിലെ ഡ്രഗ്സ് കൺട്രോളർ ഓഫിസുമാണ് ഇതിനു പിന്നിൽ. സർക്കാരിന്റെ ദേശീയ ഫാർമസ്യൂട്ടിക്കൽ നയം രാസവസ്തു-വളം മന്ത്രാലയമാണു രൂപീകരിക്കുന്നത്. സ്വകാര്യമേഖലയിലെ മരുന്നുകളുടെ ഉൽപാദനത്തിലും വിപണനത്തിലുമാണ് ഈ നയങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.∙ ഡ്രഗ്സ് (പ്രൈസ് കൺട്രോൾ) ഓർഡർ, 2013 (ഡിപിസിഒ, 2013) മരുന്നുവില നിയന്ത്രിക്കാനായി 1955-ലെ എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് പ്രകാരം കേന്ദ്ര സർക്കാർ പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവാണിത്. ഇന്ത്യയിലെ സാധാരണക്കാർക്ക് ജീവൻരക്ഷാ മരുന്നുകളും അത്യാവശ്യ മരുന്നുകളും താങ്ങാനാവുന്ന വിലയിൽ ലഭ്യമാക്കാനുള്ള നിയമപരമായ അധികാരം സർക്കാരിന് നൽകുന്നത് ഡിപിസിഒ 2013 ആണ്. കേന്ദ്ര ആരോഗ്യ മന്ത്രാലയം തയാറാക്കുന്ന നാഷനൽ ലിസ്റ്റ് ഓഫ് എസെൻഷ്യൽ മെഡിസിൻസ് (NLEM) പട്ടികയിലുള്ള എല്ലാ അത്യന്താപേക്ഷിത മരുന്നുകളുടെയും പരമാവധി വിൽപനവില നിശ്ചയിക്കാൻ നാഷനൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റിക്ക് അധികാരം നൽകുന്നത് ഈ ഉത്തരവാണ്. വിപണിയിൽ ഒരു ശതമാനം വിപണിവിഹിതമുള്ള പ്രമുഖ ബ്രാൻഡുകളുടെ ശരാശരി വില കണക്കാക്കി (+16 ശതമാനം റീട്ടെയ്‍ലർ ലാഭം) പരമാവധി വില നിശ്ചയിക്കുന്ന രീതിയാണിത്.


Fashion ⏭️

Back to top button