NEWS

ചതിച്ചത് ചന്തുതന്നെ; ചേർത്തുനിർത്താൻ ബാധ്യതപ്പെട്ടവർത്തന്നെ പരാജയപ്പെടുത്തി: കോൺഗ്രസിനെതിരെ പി.വി.അൻവർ


കോഴിക്കോട്∙ നിയമസഭാ തിരഞ്ഞെടുപ്പിൽ ബേപ്പൂർ മണ്ഡലത്തിൽ പരാജയപ്പെട്ടതിൽ കോൺഗ്രസ് നേതൃത്വത്തെ വിമർശിച്ച് പി.വി.അൻവറിന്റെ ഫെയ്സ്ബുക് പോസ്റ്റ്. തന്നെ പരാജയപ്പെടുത്തിയതു ചേർത്തുനിർത്താൻ ബാധ്യതപ്പെട്ടവർ തന്നെയാണെന്നും അദ്ദേഹം ആരോപിക്കുന്നു. പാളയത്തിലെ ചതിയും പിന്നിൽനിന്നുള്ള കുത്തും ഏറെ വേദനിപ്പിച്ചുവെന്നും ഇതാണു തന്റെ നിശബ്ദമായ പിൻവാങ്ങലിനു കാരണമെന്നും അദ്ദേഹം പറയുന്നു. ബേപ്പൂരിലെ തോൽവിയെക്കുറിച്ച് ഡിസിസി പ്രസിഡന്റ് കെ.പ്രവീൺ കുമാർ നടത്തിയ പ്രസംഗത്തിലെ ഭാഗം പങ്കുവച്ചുകൊണ്ടാണ് അൻവറിന്റെ ഫെയ്സ്ബുക് പോസ്റ്റ്.ഫെയ്സ്ബുക് പോസ്റ്റിന്റെ പൂർണരൂപം: ചതിച്ചതാര്? ചന്തു തന്നെ. മഷിയിട്ടു നോക്കേണ്ട കാര്യമില്ല. ഉത്തരവാദിത്തപ്പെട്ടവർ തന്നെ വിളിച്ചു പറഞ്ഞത് കേട്ടു. ബേപ്പൂരിലെ ജനങ്ങളും സഖാക്കളും എന്നെ വിജയിപ്പിച്ചപ്പോൾ, പരാജയപ്പെടുത്തിയത് ചേർത്തുനിർത്താൻ ബാധ്യതപ്പെട്ടവർ തന്നെ. നിലവിലെ പ്രതിപക്ഷ നേതാവിനും കുടുംബാംഗങ്ങൾക്കും എതിരെ കഴിഞ്ഞ ദിവസങ്ങളിൽ ഉയർന്നുവരുന്ന വാർത്തകൾ എല്ലാവരും കാണുന്നുണ്ടല്ലോ! അതിൽ ഒരാൾ എനിക്കെതിരെ മത്സരിച്ച നിങ്ങൾ വിജയിപ്പിച്ചു എന്ന് വീരവാദം മുഴക്കുന്ന സ്ഥാനാർത്ഥി തന്നെ!!!ഇത് കണ്ടപ്പോൾ ‘ബ്രൂട്ടസേ നീയും!”’ എന്നെനിക്ക് തോന്നിയില്ല. കാരണം, എനിക്കിത് അന്നേ മനസ്സിലായതാണ്. പാളയത്തിലെ ചതിയും, പിന്നിൽ നിന്നുള്ള കുത്തും ഏറെ വേദനിപ്പിച്ചു എന്നുള്ളത് സത്യം തന്നെയാണ്. എന്റെ നിശബ്ദമായ പിൻവാങ്ങലിന് കാരണവും അതാണ്. ചേർത്തുപിടിക്കേണ്ടവരാൽ ചതിക്കപ്പെട്ടു എന്ന് ഈ സമൂഹത്തോട് വിളിച്ചു പറയാൻ എനിക്ക് ജാള്യതയുണ്ട്. അതെന്റെ ചരിത്രപരമായ പാരമ്പര്യത്തിൽ നിന്നും ഉണ്ടായിത്തീരുന്നതാണ്. ‘ഞങ്ങൾ ചതിച്ചതു തന്നെ’ എന്ന് വിളിച്ചു പറയാൻ ഉളുപ്പില്ലാത്തവർ ഉണ്ടെങ്കിൽ ഇനിയും പറയട്ടെ.


Fashion ⏭️

Back to top button