NEWS
ഹാരി മടങ്ങുന്നു നാട്ടിലേക്ക്; മേഗൻ അഭിനയത്തിലേക്കും

ലണ്ടൻ ∙ യുഎസിലെ കലിഫോർണിയയിലേക്കു താമസം മാറ്റിയിരുന്ന ഹാരി രാജകുമാരൻ കുടുംബസമേതം ബ്രിട്ടനിലേക്കു മടങ്ങുമ്പോൾ നടി കൂടിയായ ഭാര്യ മേഗൻ അഭിനയത്തിലേക്കും തിരിച്ചെത്തുമെന്നു റിപ്പോർട്ടുകൾ. മക്കളായ ആർച്ചി (7)യെയും ലിലിബെറ്റി (5)നെയും ബ്രിട്ടനിലെ സ്കൂളിൽ ചേർത്തു കഴിഞ്ഞു. ഏതാനും ദിവസത്തിനുള്ളിൽ കുടുംബം ലണ്ടനിൽ തിരിച്ചെത്തും. താമസം, സുരക്ഷ, ചുമതലകൾ ഇവ സംബന്ധിച്ച് തീരുമാനമായിട്ടില്ല. മൂത്തസഹോദരനായ വില്യം രാജകുമാരനുമായുണ്ടായിരുന്ന അടുത്ത ബന്ധം പുനഃസ്ഥാപിക്കാൻ ഹാരിക്ക് കഴിയുമോ എന്ന് ഉറ്റുനോക്കുകയാണു ലോകം. ഇതിനിടെ, ബ്രിട്ടനിലെ ഡെയ്‌ലി മെയിൽ പത്രത്തിനെതിരെ ഹാരിയും ഗായകൻ എൽട്ടൺ ജോണും ഉൾപ്പെടെ സെലിബ്രിറ്റികൾ നൽകിയ സ്വകാര്യതാലംഘനക്കേസിൽ പ്രതികൂല വിധിയെത്തി. ഹാരിയുൾപ്പെടെയുള്ളവർ പത്രത്തിന്റെ പ്രസാധകർക്ക് കോടതിച്ചെലവിനത്തിൽ ആദ്യ ഗഡുവായി 124 കോടി രൂപ ഒരാഴ്ചയ്ക്കകം നൽകണമെന്നാണ് വിധി.
Fashion ⏭️


