NEWS

ജെൻസീക്കായി ‘നശാ മുക്ത് യുവ’; വികസിത ഭാരതത്തിന് ലഹരിമുക്ത യുവത അനിവാര്യമെന്ന് മോദി


ന്യൂഡൽഹി∙ വികസിത ഇന്ത്യയെന്ന ലക്ഷ്യം കൈവരിക്കാൻ രാജ്യത്തെ യുവാക്കൾ മാനസികമായും ശാരീരികമായും ആരോഗ്യമുള്ളവരായിരിക്കണമെന്നും അതിന് എല്ലാത്തരം ലഹരി ഉപയോഗങ്ങളിൽനിന്നും വിട്ടുനിൽക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. യുവാക്കൾക്കിടയിലെ ലഹരി ഉപയോഗം ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെ ‘നശാ മുക്ത് യുവ ഫോർ വികസിത് ഭാരത് സങ്കൽപ് അഭിയാൻ’ ക്യാംപെയ്ന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.യുവാക്കൾക്കു വേണ്ടി മാത്രമുള്ള ക്യാംപെയ്നല്ല ഇതെന്നും അവരുടെ കുടുംബത്തിനും സമൂഹത്തിനും രാജ്യത്തിനാകെയും വേണ്ടിയുള്ളതാണെന്നും മോദി പറഞ്ഞു. പൊതുപരീക്ഷാ സംവിധാനത്തിൽ പരിഷ്കാരങ്ങൾ ആവശ്യപ്പെട്ടു വിദ്യാർഥികൾ ഡൽഹിയിലും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും വലിയ പ്രതിഷേധങ്ങൾ നടത്തിയതിനു ദിവസങ്ങൾക്കു ശേഷമാണ് ക്യാംപെയ്ന്‍ ആരംഭിച്ചത്. ജെൻ–സി തലമുറയുടെ പ്രതിനിധികളായ നിരവധി യുവാക്കളുടെ സാന്നിധ്യത്തിൽ വെർച്വലായാണു പ്രധാനമന്ത്രി ക്യാംപെയ്ന്‍ ഉദ്ഘാടനം ചെയ്തത്. ലഹരി ഉപയോഗത്തിൽനിന്നു യുവാക്കളെ അകറ്റിനിർത്തുന്നതിനൊപ്പം സ്വന്തം സമൂഹത്തിൽ ഗുണപരമായ മാറ്റത്തിന്റെ പ്രചാരകരാകാൻ അവരെ പ്രേരിപ്പിക്കുകയുമാണ് ക്യാംപെയ്ന്റെ ലക്ഷ്യം.


Fashion ⏭️

Back to top button