‘ഞാൻ മെച്ചപ്പെടുത്തിയതാണ് ജയിലിലെ ആശുപത്രി ബ്ലോക്ക്, ആർക്കെങ്കിലും പ്രയോജനപ്പെടുന്നുണ്ടെങ്കിൽ സന്തോഷം’

ആർ ശ്രീലേഖ, ടോമിൻ ജെ.തച്ചങ്കരിയെ കോട്ടയം വിജിലൻസ് കോടതിയിൽ നിന്നും പോലീസ് സെൻട്രൽ ജയിലിലേക്ക് കൊണ്ടുപോകുന്നു.
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കോടതി നാല് വർഷത്തെ തടവിന് ശിക്ഷിച്ച മുൻ ഡിജിപി ടോമിൻ തച്ചങ്കരിയെ പരിഹസിച്ച് ബിജെപി കൗൺസിലറും മുൻ ഡിജിപിയുമായ ആർ ശ്രീലേഖ. സെൻട്രൽ ജയിലിലെ ആശുപത്രി ബ്ലോക്ക് സെല്ലുകളെ അപേക്ഷിച്ച് വൃത്തിയുള്ളതാണ്. താൻ ഡിജിപിയായിരുന്നപ്പോൾ മെച്ചപ്പെടുത്തിയതാണ്. ഇപ്പോൾ അത് ആർക്കെങ്കിലും നല്ലതുപോലെ പ്രയോജനപ്പെടുന്നുണ്ടെങ്കിൽ സന്തോഷമെന്ന് ശ്രീലേഖ ഫേസ്ബുക്കിൽ കുറിച്ചു.
‘തിരുവനന്തപുരം സെൻട്രൽ ജയിലിലെ “ആശുപത്രി ബ്ലോക്ക്” സെല്ലുകളെ അപേക്ഷിച്ച് വളരെ വൃത്തിയുള്ളതാണ്. നല്ല കിടക്ക, മെത്ത, തലയിണ, ഫാൻ, വൃത്തിയുള്ള ശൗചാലയം, പിന്നെ പ്രത്യേകം ഒറ്റയ്ക്ക് കഴിയാനുള്ള സൗകര്യങ്ങൾ, ചുറ്റും മനോഹരമായ പൂന്തോട്ടം, പ്രത്യേക ഭക്ഷണം. ഇതൊക്കെ ഞാൻ ജയിൽ വകുപ്പ് ഡിജിപി ആയിരുന്നപ്പോൾ മെച്ചപ്പെയെടുത്തിയെടുത്തതാണ്. ഇപ്പോൾ അത് ആർക്കെങ്കിലും നല്ലതുപോലെ പ്രയോജനപ്പെടുന്നുണ്ടെങ്കിൽ സന്തോഷം’ – ശ്രീലേഖ ഫേസ്ബുക്കിൽ കുറിച്ചു.
ആരോഗ്യ പ്രശ്നങ്ങളെത്തുടർന്ന് ടോമിൻ തച്ചങ്കരി നിലവിൽ ആശുപത്രി ബ്ലോക്കിലാണ് കഴിയുന്നത്. ഹൃദയ സംബന്ധമായ ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്ന വ്യക്തിയാണ് തച്ചങ്കരി. അതുകൊണ്ട് ഡോക്ടർമാരുടെ നിർദ്ദേശ പ്രകാരം മാത്രമേ സെല്ലിലേക്ക് മാറ്റൂ. ഇനി സെല്ലിലേക്ക് മാറ്റിയാൽ മറ്റ് തടവുകാരുടെ കൂടെ നിലത്താകും കിടന്നുറങ്ങേണ്ടിവരിക. ഉന്നത പൊലീസ് ഉദ്യോഗസ്ഥനായിരുന്നതിനാൽ തച്ചങ്കരിയെ മറ്റ് തടവുകാർ ഉപദ്രവിക്കാനുള്ള സാഹചര്യവും പരിഗണിച്ചേക്കും. ആരോഗ്യ പ്രശ്നങ്ങളും സുരക്ഷയും കണക്കിലെടുത്ത് ഇക്കാര്യത്തിൽ പിന്നീട് തീരുമാനമെടുത്തേക്കും.
RELATED TOPICS: R SREELEKHA, TOMIN J THACHANKARY, ILLEGAL ASSETS CASE, TOMIN THACHANKARY SENTENCE, KERALA POLICE NEWS
Read News ⏭️


