NEWS

അതിതീവ്ര മഴയ്ക്ക് സാദ്ധ്യത,​ ജാഗ്രതവേണമെന്ന് മന്ത്രി

പത്തനംതിട്ട : ഞായറാഴ്ച രാത്രി അതിതീവ്ര മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നും ജാഗ്രതപാലിക്കണമെന്നും മന്ത്രി പി.സി. വിഷ്ണുനാഥ്. വെള്ളപ്പൊക്കം രൂക്ഷമായ ശനിയാഴ്ച രാത്രിയിൽ മഴ പെയ്യാതിരുന്നത് അനുഗ്രഹമായി. പക്ഷേ മഴ തുടർന്നാൽ പ്രശ്നമാകും. എല്ലാവരും ജാഗ്രതയോടെ നിൽക്കേണ്ട സമയമാണ്. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഒറ്റക്കെട്ടായാണ് പ്രവർത്തിച്ചത്. ഒരു വാർഡിലേക്ക് 25,000 രൂപ അനുവദിച്ചു. വെള്ളപ്പൊക്ക ഇരകൾക്കുള്ള നഷ്ടപരിഹാരം അടുത്ത മന്ത്രിസഭാ യോഗം പ്രഖ്യാപിക്കും. മാനദണ്ഡങ്ങൾ പാലിച്ചാണ് മൂഴിയാർ ഡാം തുറന്നത്. പെട്ടെന്നു തുറക്കേണ്ട ഡാം ആയതിനാൽ റൂൾ കർവ് ബാധകമല്ല. നദികളിലെ മണൽ നീക്കം സർക്കാർ നയപരമായി സ്വീകരിക്കേണ്ട കാര്യമാണ്. പരിസ്ഥിതി അനുമതി ഉൾപ്പെടെ വേണം.മണിയാർ ഡാമിന്റെ ഷട്ടറുകൾ രണ്ടര വർഷമായി തുറന്നിട്ടിരിക്കുന്നത് മുൻ സർക്കാരിന്റെ വീഴ്ചയാണ്. അടിയന്തരമായി പണി പൂർത്തിയാക്കും. പ്രളയസാഹചര്യം കഴിഞ്ഞാൽ ഉന്നതതല യോഗം വിളിക്കും. അവധി പ്രഖ്യാപിക്കുന്ന ദിവസം ക്ലാസ് നടത്തുന്ന ട്യൂഷൻ സെന്ററുകൾക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Read News ⏭️

Back to top button