‘എരിതീയിൽ എണ്ണയൊഴിക്കുന്നത് നിർത്തണം, ഒരു പെണ്ണിനെ കളിയാക്കി സംസാരിക്കുന്നത് താങ്കൾക്ക് ചേർന്നതല്ല’, ഹൃത്വിക് റോഷനെ കടന്നാക്രമിച്ച് കങ്കണ

ബോളിവുഡ് താരം കങ്കണ റണാവത്തും ഹൃതിക് റോഷനും
ബോളിവുഡ് താരം ഹൃതിക് റോഷനും നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്തും തമ്മിലുള്ള പഴയ തർക്കം വീണ്ടും ചർച്ചയാവുന്നു. എഴുത്തുകാരനായ ഫ്രെഡി ബേർഡി പങ്കുവച്ച, ‘ഹൃതിക് റോഷനോട് ലോകം മാപ്പ് പറയണം’ എന്നുള്ള സോഷ്യൽ മീഡിയ പോസ്റ്റാണ് ഇരുവരെയും വീണ്ടും പരസ്യമായ വാക്‌പോരിലേക്ക് എത്തിച്ചത്. സോഷ്യൽ മീഡിയയിൽ തനിക്കെതിരെ ഉയരുന്ന ട്രോളുകളെ ഹൃതിക് പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും, ഇനി ഇത്തരം വിവരമില്ലാത്ത കാര്യങ്ങൾ പറയുന്നത് നിർത്തണമെന്നും ആവശ്യപ്പെട്ട് കങ്കണ രംഗത്തെത്തിയതോടെയാണ് വിഷയം വീണ്ടും ചർച്ചയായത്.
പോസ്റ്റിന് പിന്നാലെ സമൂഹമാദ്ധ്യമങ്ങളിൽ തനിക്കെതിരെ ഉയർന്ന വിവാദങ്ങളിൽ നിന്നും താൻ ഒഴിഞ്ഞുനിൽക്കുകയാണെന്ന് ഹൃതിക് വ്യക്തമാക്കി. സത്യാവസ്ഥ പുറത്തുവരുന്നതുവരെ താൻ കാത്തിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ‘സുഹൃത്തേ, ഒരാളോട് ഇഷ്ടക്കൂടുതലോ വെറുപ്പോ ഉള്ളതുകൊണ്ട് മാത്രം മറ്റൊരാളെ കണ്ണടച്ച് അനുകൂലിക്കുന്നത് നമ്മുടെ സമൂഹത്തിന്റെ കുഴപ്പമാണ്. കാര്യങ്ങളുടെ കിടപ്പുവശം എന്താണെന്ന് ശരിയായ തെളിവുകൾ വച്ച് മനസിലാക്കട്ടെ. അതാണ് ശരിയായ രിതിയെങ്കിലും, ഇതൊക്കെ ഇന്ന് ആര് നോക്കാൻ അല്ലേ?’ എന്നായിരുന്നു ഹൃതികിന്റെ മറുപടി.
ഹൃതികിന്റെ പ്രതികരണം
ഹൃതികിന്റെ പ്രതികരണം വ്യാപകമായി പ്രചരിക്കുകയും , ഇത് കങ്കണയുമായുള്ള അദ്ദേഹത്തിന്റെ പഴയ തർക്കവുമായി ബന്ധപ്പെട്ടതാണെന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കൾ വ്യാഖ്യാനിക്കുകയും ചെയ്തു. ഹൃതികിന്റെ പ്രതികരണത്തിന് മണിക്കൂറുകൾക്ക് ശേഷം, ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ കടുത്ത ഭാഷയിലാണ് കങ്കണ പ്രതികരിച്ചത്.
ഹൃതികും സബാ ആസാദും തമ്മിലുള്ള ബന്ധത്തിൽ തനിക്ക് സന്തോഷമേയുള്ളൂവെന്ന് കങ്കണ പറഞ്ഞു. തന്റെ പേര് പറഞ്ഞ് സമൂഹമാദ്ധ്യമങ്ങളിൽ ഉപദ്രവിക്കുന്നവരെ വെറുതെ വിടാതെ, അവരെ എതിർക്കുകയാണ് ഹൃതിക് ചെയ്യേണ്ടതെന്നും കങ്കണ ആവശ്യപ്പെട്ടു.
‘പ്രിയപ്പെട്ട ഹൃതിക്, നിനക്കും സബാ ആസാദിനും പരസ്പരം ഇണങ്ങിയ നല്ലൊരു പങ്കാളിയെ കിട്ടിയതിൽ എനിക്ക് സന്തോഷമുണ്ട്. നിങ്ങളിപ്പോൾ നല്ലൊരു ബന്ധത്തിലല്ലേ കഴിയുന്നത്, അതുകൊണ്ട് ഒരു പെണ്ണിനെ ഇങ്ങനെ കളിയാക്കി സംസാരിക്കുന്നത് നിനക്ക് ചേർന്നതല്ല. അതിനുപകരം, എന്റെ പേര് ഉപയോഗിച്ച് എന്നെ അധിക്ഷേപിക്കുന്നവരെയും ബുദ്ധിമുട്ടിക്കുന്നവരെയും നീയാണ് എതിർക്കേണ്ടത്. എരിതീയിൽ എണ്ണയൊഴിക്കുന്നത് പോലെ സംസാരിക്കുന്നത് നിർത്തി, ഇനി ഇത്തരം വിഡ്ഢിത്തങ്ങൾ പറയാതിരിക്കുമെന്ന് കരുതുന്നു’ -കങ്കണ കുറിച്ചു.
അതേസമയം, കങ്കണ വിദ്യാർത്ഥി സമരങ്ങളെക്കുറിച്ച് പറഞ്ഞ ചില നിലപാടുകളും, കോക്രോച്ച് ജനത പാർട്ടി നേതാവ് സൗരവ് ദാസുമായി ഉണ്ടായ വാക്കുതർക്കവുമാണ് പുതിയ പ്രശ്നങ്ങൾക്ക് കാരണമെന്നും ചിലർ ചൂണ്ടിക്കാട്ടി. കങ്കണ തനിക്കെതിരെ സംസാരിച്ചത് ഹൃതിക് റോഷനുമായി തനിക്ക് മുഖസാദൃശ്യമുള്ളതുകൊണ്ടാകാം എന്ന് സൗരവ് തമാശരൂപേണ പറഞ്ഞിരുന്നു. ഈ തമാശ സമൂഹമാദ്ധ്യമങ്ങളിൽ വലിയതോതിൽ പ്രചരിച്ചതോടെ, ഹൃതികും കങ്കണയും തമ്മിലുള്ള പഴയ വഴക്കുകളെല്ലാം വീണ്ടും ചർച്ചാവിഷയമായി മാറുകയായിരുന്നു.
2016ൽ ഒരു അഭിമുഖത്തിൽ കങ്കണ ഹൃതിക് റോഷനെ ‘വിഡ്ഢിയായ മുൻ കാമുകൻ’ എന്ന് വിളിച്ചിരുന്നു. എന്നാൽ തങ്ങൾ തമ്മിൽ യാതൊരു ബന്ധവുമില്ലെന്നാണ് ഹൃതിക് പിന്നീട് തുറന്നടിച്ചത്. തുടർന്ന് ഇരുവരും വലിയൊരു നിയമപോരാട്ടത്തിലേക്കും നീങ്ങി. പത്തുവർഷത്തോളമായിട്ടും പഴയ വിവാദം ഇടയ്ക്കിടെ സോഷ്യൽ മീഡിയയിൽ ഉയർന്നുവരുന്നത് ഇരുവരും തമ്മിലുള്ള മുൻവൈരാഗ്യം കൊണ്ടാണെന്നാണ് അഭ്യൂഹം.
RELATED TOPICS: HRITHIK ROSHAN, KANGANA RANAUT, LATESTNEWS, BOLLYWOOD NEWS, CONTROVERSY
Business ⏭️


