NEWS
‘4 മണി വരെ ഒരു രാഷ്ട്രീയ പാർട്ടിയും സമയം ചോദിച്ചില്ല, ആ ആവശ്യം അസാധാരണം’; പ്രസ്താവനയുമായി തിരഞ്ഞെടുപ്പ് കമ്മിഷന്

ന്യൂഡൽഹി∙ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള എംപിമാരുടെ പ്രതിനിധി സംഘത്തിനു കൂടിക്കാഴ്ചയ്ക്കുള്ള അനുമതി നൽകാത്തതിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ. ചൊവ്വാഴ്ച വൈകിട്ട് 4 മണിക്ക് മുൻപായി ഒരു രാഷ്ട്രീയ പാർട്ടിയും കൂടിക്കാഴ്ചയ്ക്കായി ഔദ്യോഗികമായി സമയം ചോദിച്ചിരുന്നില്ലെന്ന് കമ്മിഷൻ അറിയിച്ചു. പ്രതിപക്ഷ എംപിമാരുടെ സംഘം തിരഞ്ഞെടുപ്പ് കമ്മിഷനെ കണ്ട് നിവേദനം സമർപ്പിക്കാൻ ആഗ്രഹിക്കുന്നതായി ഡൽഹി പൊലീസാണ് വൈകിട്ട് 4 മണിയോടെ തങ്ങളെ അറിയിച്ചതെന്ന് കമ്മിഷൻ വാർത്താക്കുറിപ്പിൽ പറയുന്നു. രാഷ്ട്രീയ പാർട്ടികളോ സഖ്യങ്ങളോ കൂടിക്കാഴ്ചയ്ക്ക് ആഗ്രഹിക്കുന്നുവെങ്കിൽ അവരുടെ ഔദ്യോഗിക പ്രതിനിധികൾ വഴി മുൻകൂട്ടി അനുമതി വാങ്ങണമെന്നാണ് കമ്മിഷന്റെ ചട്ടമെന്നും തുടർന്ന് ഇരുവിഭാഗത്തിനും സൗകര്യപ്രദമായ സമയം നിശ്ചയിക്കുകയാണ് പതിവെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ പറഞ്ഞു.ഏകദേശം 240 ഓളം എംപിമാർ പങ്കെടുക്കുന്ന കൂടിക്കാഴ്ച പാർലമെന്റ് ഹൗസ് അനക്സിൽ നടത്താനാണ് ആവശ്യപ്പെട്ടതെന്ന് ഡൽഹി പൊലീസ് ഡപ്യൂട്ടി കമ്മിഷണർ പിന്നീട് അറിയിച്ചു. എന്നാൽ, ഇത്തരം കൂടിക്കാഴ്ചകൾ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ആസ്ഥാനത്താണ് നടത്താറുള്ളതെന്നും, പാർലമെന്റ് അനക്സിൽ കൂടിക്കാഴ്ച വേണമെന്ന ആവശ്യം അസാധാരണമാണെന്നും ചൂണ്ടിക്കാട്ടി കമ്മിഷൻ ഇത് നിരസിക്കുകയായിരുന്നു. എങ്കിലും കമ്മിഷൻ ബദൽ നിർദേശം മുന്നോട്ടുവച്ചിരുന്നു. എംപിമാരിൽനിന്നു നിവേദനം നേരിട്ടു സ്വീകരിക്കുന്നതിനായി തിരഞ്ഞെടുപ്പ് കമ്മിഷനിലെ ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥനെ പാർലമെന്റ് അനക്സിലേക്ക് അയയ്ക്കാമെന്ന് കമ്മിഷൻ അറിയിച്ചു. ഇത് മുൻപില്ലാത്ത വിധമുള്ള നടപടിയായിരുന്നുവെങ്കിലും എംപിമാർ ഈ നിർദേശവും നിരസിക്കുകയാണുണ്ടായതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ പറയുന്നു.
Fashion ⏭️




