മലയാളികളുടെ ആരോഗ്യം നശിപ്പിക്കുന്ന ‘വില്ലൻ’, നിയന്ത്രണം തമിഴ്നാട് ലോബിയുടെ കൈകളിൽ: വ്യാജനെ സൂക്ഷിക്കണം

പ്രതീകാത്മക ചിത്രം
ഓണം അടുത്തതോടെ വിപണിയിൽ ഗുണനിലവാരമില്ലാത്തതും വ്യാജവുമായ വെളിച്ചെണ്ണ ഒഴുകുന്നു. അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള വെളിച്ചെണ്ണ ലോബിയാണ് പിന്നിലെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തി. തമിഴ്‌നാട്ടിൽ നിന്നാണ് പ്രധാനമായും ഇത്തരം വെളിച്ചെണ്ണ എത്തുന്നത്.
ഗ്രാമീണ മേഖലയിൽ പ്രവർത്തിക്കുന്ന മില്ലുകൾ അര ലിറ്റർ പായ്ക്കറ്റ് കൃത്യമായ അളവിൽ നൽകുമ്പോൾ ഇതര സംസ്ഥാന വെളിച്ചെണ്ണ പാക്കറ്റുകളിലുള്ളത് അൻപതും നൂറും മില്ലി കുറവാണ്. മാത്രമല്ല, മായം കലർത്തുകയും ചെയ്യുന്നു. കുറഞ്ഞ വിലയിലാണ് ഈ വെളിച്ചെണ്ണ വില്പനയ്ക്ക് വരുന്നത്. വെളിച്ചെണ്ണയ്ക്ക് ആവശ്യക്കാരേറുന്ന ഓണക്കാലത്ത് പരിചയമില്ലാത്തതും ബില്ല് ഇല്ലാത്തതുമായ വെളിച്ചെണ്ണ വാങ്ങി വില്പന നടത്തരുതെന്ന് വ്യാപാരികൾക്ക് ഭക്ഷ്യ സുരക്ഷാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. പരാതികൾ 1800 425 1125 എന്ന നമ്പരിൽ അറിയിക്കാം.
വാങ്ങരുത് ‘കേര ഡയമണ്ട്’
വിപണിയിൽ സുലഭമായി ലഭിക്കുന്ന നിലവാരമില്ലാത്ത വെളിച്ചെണ്ണയായ ‘കേര ഡയമണ്ട്” ബ്രാൻഡ് വിൽപ്പന നിരോധിച്ചതായി ഭഷ്യസുരക്ഷ വകുപ്പ് അധികൃതർ അറിയിച്ചു. ജില്ലയിലെ ചടയമംഗലം, കുന്നത്തൂർ സർക്കിളുകളിൽ നിന്ന് ശേഖരിച്ച് പരിശോധനയ്ക്ക് അയച്ച ‘കേര ഡയമണ്ട്’ വെളിച്ചെണ്ണ നിലവാരമില്ലാത്തതാണെന്ന ലാബ് റിപ്പോർട്ട് ലഭിച്ചതിനെ തുടർന്നാണ് നടപടി. പായ്ക്കറ്റിലെ വിലാസവും വ്യാജമാണ്.
ഫ്രിഡ്ജ് ടെസ്റ്റ്
ഒരു ചെറിയ കുപ്പിയിൽ എണ്ണയെടുത്ത് ഫ്രിഡ്ജിൽ 30 മിനിട്ട് വയ്ക്കുക. ശുദ്ധമായ വെളിച്ചെണ്ണ 24 ഡിഗ്രി സെൽഷ്യസിന് താഴെ ഉറഞ്ഞുപോകും. വ്യാജമാണെങ്കിൽ പാതി ദ്രാവകമായി കിടക്കും. മിനറൽ ഓയിൽ, പാം ഓയിൽ ചേർത്താൽ ഉറയ്ക്കില്ല.
കൈയിൽ തേക്കുന്ന ടെസ്റ്റ്
കുറച്ച് വെളിച്ചെണ്ണ കൈപ്പത്തിയിൽ ഉരസുക. ശുദ്ധമെങ്കിൽ പെട്ടെന്ന് അലിഞ്ഞ് പോകും, നല്ല തേങ്ങയുടെ മണം വരും, ഒട്ടൽ ഉണ്ടാകില്ല. വ്യാജൻ കട്ടിയായി ഒട്ടും. കെമിക്കൽ, പെട്രോൾ, പ്ലാസ്റ്റിക് മണം വരും.
തീ കത്തിക്കുന്ന ടെസ്റ്റ്
ഒരു കോട്ടൺ തിരിയിൽ എണ്ണ മുക്കി കത്തിക്കുക. ശുദ്ധമെങ്കിൽ നീല കലർന്ന ജ്വാല, പൊട്ടിത്തെറിക്കില്ല, നല്ല മണവുമുണ്ടാവും. വ്യാജമെങ്കിൽ മഞ്ഞ ജ്വാല, പൊട്ടിത്തെറിക്കും. പുകയും കരിയും കൂടുതലുണ്ടാവും.
വെള്ളം ടെസ്റ്റ്
ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു സ്പൂൺ എണ്ണ ഒഴിക്കണം. ശുദ്ധമെങ്കിൽ മുകളിൽ പൊങ്ങിക്കിടക്കും, വെള്ളം കലങ്ങില്ല. വ്യാജമെങ്കിൽ വെള്ളം കലങ്ങും. സോപ്പോ മറ്റ് കെമിക്കലോ ചേർത്തതിന്റെ ലക്ഷണവുമുണ്ടാവും.
RELATED TOPICS: FAKE COCONUT OIL, COCONUT OIL KERALA, ONAM MARKET, ADULTERATED COCONUT OIL
Read News ⏭️


