NEWS
ഒരു കോടി ആളുകളിൽ ഒരാൾക്കു മാത്രം ലഭിക്കുന്ന അപൂർവ നേട്ടം; ഉത്തര ധ്രുവത്തിലെ 90 ഡിഗ്രി പോയിന്റിൽ കാലുകുത്തി ആദ്യ മലയാളി

കടലിനു മുകളിൽ വെള്ള വിരിച്ച മഞ്ഞുപാളികളിലൂടെ നടന്ന്, ഭൂമിയുടെ അച്ചുതണ്ടിന്റെ 90 ഡിഗ്രി കോൺ അളവ് അടയാളപ്പെടുത്തിയ പോയിന്റിൽ കാലുകുത്തുമ്പോൾ ലോകത്ത് ഒരു കോടി ആളുകളിൽ ഒരാൾക്കു മാത്രം ലഭിക്കുന്ന അപൂർവ നേട്ടം സ്വന്തമാക്കുകയായിരുന്നു പ്രഫ. ഡോ. എസ്. ബിജോയ് നന്ദൻ. ഉത്തര ധ്രുവത്തിലെ 90 ഡിഗ്രി പോയിന്റിൽ കാലുകുത്തുന്ന ആദ്യ മലയാളിയാണ് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) മറൈൻ സയൻസസ് ഫാക്കൽറ്റി ഡീനും കണ്ണൂർ സർവകലാശാല മുൻ വൈസ് ചാൻസലറും ശാസ്ത്രജ്ഞനുമായ ഡോ.എസ്. ബിജോയ് നന്ദൻ.ഭൂമിയുടെ നെറുകയിൽ റഷ്യൻ സ്റ്റേറ്റ് അറ്റോമിക് എനർജി കോർപറേഷന്റെ (റോസാറ്റം) ഏഴാമത് രാജ്യാന്തര ആർട്ടിക് പര്യവേക്ഷണ സംഘത്തിലെ രാജ്യാന്തര വിദഗ്ധനായാണ് അദ്ദേഹം ‘ഐസ്ബ്രേക്കർ ഓഫ് നോളജ്’ പദ്ധതിയുടെ ഭാഗമായി ഉത്തര ധ്രുവത്തിലേക്ക് യാത്ര നടത്തിയത്. ശാസ്ത്ര, സാങ്കേതിക മേഖലകളിൽ കുട്ടികൾക്ക് വിജ്ഞാനം പകരാനുള്ള പര്യവേക്ഷണത്തിന്റെ ഭാഗമായുള്ള യാത്രയിൽ, 22 രാജ്യങ്ങളിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട 22 സ്കൂൾ വിദ്യാർഥികളും 22 റഷ്യൻ വിദ്യാർഥികളും മൂന്നു രാജ്യാന്തര വിദഗ്ധരും 22 റഷ്യൻ വിദഗ്ധരുമാണ് ഉണ്ടായിരുന്നത്. സാഹിത്യം, നാടകം, ആണവോർജം, മറൈൻ സയൻസ് തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള വിദഗ്ധരുടെ സംഘത്തിലെ ഏക മലയാളിയും ബിജോയ് ആയിരുന്നു. വിദ്യാർഥികളുടെ സംഘത്തിൽ ഇന്ത്യയിലെ ഉത്തരാഖണ്ഡിൽ നിന്നുള്ള വിദ്യാർഥിയും അംഗമായിരുന്നു.
Fashion ⏭️


