NEWS
നന്ദി, കാവൽമാലാഖമാർക്ക്; നിപ്പയിൽ നിന്ന് പൂർണ മുക്തി, മെഡിക്കൽ കോളജിൽ ചികിത്സയിലിരുന്ന 43 വയസ്സുകാരൻ വീട്ടിലേക്ക് മടങ്ങി

കോഴിക്കോട് ∙ നിപ്പ രോഗം ബാധിച്ച് കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന ഫറോക്ക് സ്വദേശിയായ 43കാരനെ ഡിസ്ചാർജ് ചെയ്തു. ജൂൺ 11ന് പുലർച്ചെ മെഡിക്കൽ കോളജിലെ ഐസലേഷൻ ഐസിയുവിൽ പ്രവേശിപ്പിച്ച് അതീവ ഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്ന ആളാണ് പൂർണ രോഗമുക്തനായി വീട്ടിലേക്ക് തിരിച്ചത്. സർക്കാരിന്റെയും ജനപ്രതിനിധികളുടെയും ജില്ലാ ഭരണകൂടത്തിന്റെയും ഭാഗത്തുനിന്ന് മികച്ച പിന്തുണയാണ് ലഭിച്ചതെന്ന് പറഞ്ഞ രോഗിയും കുടുംബവും പിന്തുണ നൽകിയ എല്ലാവർക്കും ഹൃദയം നന്ദി അറിയിച്ചാണ് ആശുപത്രി വിട്ടത്. നിലവിൽ രോഗിക്ക് പൂർണ ബോധം ഉണ്ടെന്നും പരസഹായമില്ലാതെ നടക്കാൻ കഴിയുന്നുണ്ടെന്നും മെഡിക്കൽ കോളജ് അധികൃതർ അറിയിച്ചു. പനി പൂർണമായി ഭേദമായി. ഓർമശക്തി സാധാരണ നിലയിലായി. നേരത്തെ തലച്ചോറിൽ ഉണ്ടായിരുന്ന തകരാറുകൾ നല്ല രീതിയിൽ കുറഞ്ഞതായി സ്കാനിങ്ങിൽ വ്യക്തമായതായും ഡോക്ടർമാർ അറിയിച്ചു. പ്രിൻസിപ്പൽ ഡോ. കെ.ജെ. സജീത്ത്, സൂപ്രണ്ട് ഡോ. എം.പി. ശ്രീജയൻ, മെഡിസിൻ വിഭാഗത്തിലെ ഡോ. വി.കെ ഷമീർ, ഡോ. ആർ ഗായത്രി, മൈക്രോബയോളജി വിഭാഗം മേധാവി ഡോ. പി.എം. അനിത, പോസ്റ്റ് ഗ്രാജ്വേറ്റ്‌സ് ടീം, ചീഫ് നഴ്‌സിങ് ഓഫിസറുടെ നേതൃത്വത്തിൽ നഴ്സിങ് ടീം, മറ്റു വിഭാഗം ഡോക്ടർമാർ എന്നിവരുടെ സംഘമാണ് ചികിത്സ ഏകോപിപ്പിച്ചത്.
Fashion ⏭️


