NEWS

ഇറാന്റെ രഹസ്യനീക്കം പരാജയപ്പെടുത്തി മൊസാദ്; ലക്ഷ്യമിട്ടത് ഇസ്രയേലിലെ മുതിർന്ന ഉദ്യോഗസ്ഥരെ


ജറുസലം ∙ ഇസ്രയേലി‍ൽ കടന്നുകയറി മുതിർന്ന ഉദ്യോഗസ്ഥരെ വധിക്കാനുള്ള ഇറാന്റെ നീക്കം പരാജയപ്പെടുത്തി മൊസാദ്. മുതിർന്ന ഉദ്യോഗസ്ഥരെ അപായപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആളുകളെ റിക്രൂട്ട് ചെയ്യാൻ ഇറാൻ ഭരണകൂടത്തിന്റെ ശ്രമം ഇസ്രയേൽ ചാരസംഘടനയായ മൊസാദ് പരാജയപ്പെടുത്തിയെന്ന് ടൈംസ് ഓഫ് ഇസ്രയേലാണ് റിപ്പോർട്ട് ചെയ്തത്. ഇറാന്റെ രഹസ്യാന്വേഷണ മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് ഗൂഢാലോചന നടന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.ഇസ്രയേലിനുള്ളിൽ കടന്നുകയറി ആക്രമണം നടത്തുന്നതിനായി ക്രിമിനൽ സംഘങ്ങളിൽനിന്നും ആളുകളെ കണ്ടെത്തി റിക്രൂട്ട് ചെയ്യാനായിരുന്നു പദ്ധതി. ഗൂഢാലോചന നടത്തിയ രണ്ടുപേരെ മൊസാദ് തിരിച്ചറിഞ്ഞു. ഫ്രാൻസിൽ താമസിക്കുന്ന ‘ഫിലിപ്പ്’ എന്ന് വിളിപ്പേരുള്ള എന്ന ക്രിമിനൽ പ്രവ‍ർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നയാളെ ഇതിനായി ചുമതലപ്പെടുത്തിയെന്നും കണ്ടെത്തി. ഇറാനിയൻ രഹസ്യാന്വേഷണ മന്ത്രാലയത്തിൽനിന്നുള്ള ഉദ്യോഗസ്ഥരാണ് ഇയാളെ ചുമതലപ്പെടുത്തിയത്. ചർച്ചകൾക്കായി ഫിലിപ്പ് പലവട്ടം ഇറാനിലേക്ക് പോയി. ഇസ്രയേലി‍ൽ സന്ദർശനം നടത്തുന്ന വിദേശികളുടെ വിവരങ്ങൾ ശേഖരിക്കാനും ഇയാൾക്ക് നിർദേശമുണ്ടായിരുന്നു. ഏറെനാളായി മൊസാദ് ഈ നീക്കങ്ങൾ നിരീക്ഷിക്കുന്നുണ്ടായിരുന്നു. ഇറാനിൽ ഫിലിപ്പുമായി ആശയവിനിമയം നടത്തിയവരുടേയും ചുമതല ഏൽപ്പിച്ചവരുടേയും പേരുവിവരങ്ങളും മൊസാദ് തിരിച്ചറിഞ്ഞിട്ടുണ്ട്.


Fashion ⏭️

Back to top button