NEWS
‘അവസാനമില്ലാത്ത യുദ്ധത്തിൽനിന്ന് യുദ്ധത്തിന്റെ അവസാനത്തിലേക്ക് നീങ്ങണം; എല്ലാ ശ്രമങ്ങളെയും ഇന്ത്യ പിന്തുണയ്ക്കും’

ബിഷ്‌കെക്ക് ∙ അവസാനമില്ലാത്ത യുദ്ധത്തിൽനിന്ന് യുദ്ധത്തിന്റെ അവസാനത്തിലേക്ക് നീങ്ങേണ്ടതുണ്ടെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനോട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഷാങ്ഹായ് സഹകരണ ഉച്ചകോടിയിൽ പങ്കെടുക്കാൻ കിർഗിസ്താനിലെത്തിയപ്പോഴാണ് ഇരു നേതാക്കളുടെയും കൂടിക്കാഴ്ച. യുക്രെയ്ൻ വിഷയം നമ്മൾ തുടർച്ചയായി ചർച്ച ചെയ്യുന്നതാണ്. മുൻപ് നമ്മൾ കണ്ടപ്പോൾ വിഷയത്തിന്റെ സകലമാന വശത്തെയും കുറിച്ച് താങ്കൾ വിശദീകരിച്ചിരുന്നു. നിങ്ങൾക്ക് അറിയാവുന്നതുപോലെ, സമാധാനത്തിനുള്ള എല്ലാ ശ്രമങ്ങളെയും ഇന്ത്യ പിന്തുണയ്ക്കും. അത് തുടരുകയും ചെയ്യും. യുദ്ധത്തിനായി ചെലവിടുന്ന ഓരോദിവസവും മാനവികതയെ പിന്നോട്ടാക്കും. എന്നാൽ, സമാധാനത്തിനായി മുന്നോട്ടുവയ്ക്കുന്ന ഓരോ ചുവടും പുതിയ പ്രതീക്ഷയും ഉത്സാഹവും കൊണ്ട് നിറയുമെന്നും നരേന്ദ്ര മോദി പുട്ടിനോട് പറഞ്ഞു. എത്രയുംവേഗം എല്ലാ പ്രശ്‌നങ്ങൾക്കും സമാധാനപരമായ പരിഹാരം എന്നതാണ് മനുഷ്യത്വത്തിന്റെ ആഹ്വാനം. അതാണ് ഇന്ത്യയുടെ സന്ദേശം. ഗാന്ധിയുടെയും ബുദ്ധന്റെയും നാട് ഒരു സന്ദേശമാണ് പങ്കുവയ്ക്കുന്നത്, സമാധാനത്തിന്റെ പാത. ദേശീയ താൽപര്യത്തിനാണ് ഇന്ത്യയുടെയും റഷ്യയുടെയും പ്രഥമപരിഗണന. പുട്ടിനെ കണ്ടതിൽ താൻ അതീവ സന്തോഷവാനാണ്. കഴിഞ്ഞകൊല്ലത്തെ പുട്ടിന്റെ ഇന്ത്യ സന്ദർശനം ഏറെ വിജയകരമായിരുന്നു. സാമ്പത്തികബന്ധങ്ങൾ കൂടുതൽ കരുത്താർജിച്ചു. കുറച്ചുദിവസങ്ങൾക്കുള്ളിൽ ബ്രിക്‌സ് ഉച്ചകോടിക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കും. മുഴുവൻ ഇന്ത്യക്കാരും താങ്കളെയും താങ്കളുടെ പ്രതിനിധിസംഘത്തെയും സ്വാഗതം ചെയ്യാൻ കാത്തിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
Fashion ⏭️


