NEWS

ആശുപത്രിക്കുള്ളിൽ മന്ത്രി കെ മുരളീധരന് കൊടിപിടിച്ചും മുദ്രാവാക്യം വിളിച്ചും സ്വീകരണം: പിന്നാലെ വ്യാപകവിമർശനം

മന്ത്രി കെ മുരളീധരനെ കൊടിപിടിച്ചും മുദ്രാവാക്യം വിളിച്ചും സ്വീകരിക്കുന്നു

കൊല്ലം: സർക്കാർ ആശുപത്രിയ്ക്കുള്ളിൽ കൊടിപിടിച്ചും മുദ്രാവാക്യം വിളിച്ചും ആരോഗ്യമന്ത്രി കെ മുരളീധരന് സ്വീകരണം നൽകിയ സംഭവം വിവാദമാകുന്നു. പുനലൂർ താലൂക്ക് ആശുപത്രിയിൽ ഇന്നലെയായിരുന്നു സംഭവം. ആശുപത്രി സന്ദർശിക്കാനെത്തിയ മന്ത്രിയെ എൻജിഒ സംഘടന ഷാൾ അണിയിച്ചും മുദ്രാവാക്യം വിളിച്ചും സ്വീകരിക്കുകയായിരുന്നു.

നഴ്സുമാരും രോഗികളും സംഭവസമയം അവിടെയുണ്ടായിരുന്നു. എന്നാൽ മന്ത്രി സ്വീകരിക്കാനെത്തിയവരെ വിലക്കുകയോ സ്വീകരണം നിഷേധിക്കുകയോ ചെയ്യാതെ ചിരിയോടെ ഏറ്റുവാങ്ങുകയായിരുന്നു.

സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ മന്ത്രിയ്‌ക്കെതിരെ വ്യാപകവിമർശനമാണ് ഉയരുന്നത്. ആശുപത്രികളിൽ കൊടിപിടിച്ചുള്ള രാഷ്ട്രീയ പ്രചരണം പാടില്ലെന്ന മന്ത്രിയുടെ താക്കീത് നിലനിൽക്കെയാണ് അദ്ദേഹം തന്നെ സ്വീകരണം ഏറ്റുവാങ്ങിയത്. നേരത്തെ ഡിവൈഎഫ്ഐ അടക്കമുള്ള സംഘടനകൾ ആശുപത്രികളുടെ പരിസരത്ത് പൊതിച്ചോർ വിതരണം ചെയ്യുന്നതിനെ കെ മുരളീധരൻ വിമർശിച്ചത് വലിയ വിവാദമായിരുന്നു.

ആശുപത്രികളിൽ രാഷ്ട്രീയ സംഘടനകളുടെ പേരിൽ കൊടിവച്ച് ഭക്ഷണ വിതരണം ചെയ്യാൻ അനുവദിക്കില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ കർശന നിലപാട്. എന്നാൽ സ്വന്തം പാർട്ടിക്കാ‌ർ ആശുപത്രിക്കുള്ളിൽ കൊടിപിടിച്ചും മുദ്രാവാക്യം വിളിച്ചുമാണ് മന്ത്രിയെ സ്വീകരിച്ചത്.

English Summary

Health Minister K. Muraleedharan is facing widespread criticism after accepting a political welcome with flags and slogans inside Punalur Taluk Hospital in Kollam. The incident sparked controversy as the minister had previously cautioned against political campaigning within healthcare facilities. Visuals showed him accepting the reception, drawing significant public backlash.

Read News ⏭️

Back to top button