NEWS
‘മറ്റുള്ളവരുടെ കണ്ണീരൊപ്പാൻ 78 കോടി’: ഈ പ്രവാസി മലയാളിയുടേത് സഹോദരിമാർക്കായി എരിതീർത്ത യൗവനം, വർഷങ്ങളുടെ വേദന; പണമല്ല മുഖ്യം

അബുദാബി∙ പതിനെട്ടാം വയസ്സിൽ ഒരുപിടി പ്രതീക്ഷകൾ മാത്രം നെഞ്ചിലേറ്റി നാടുവിട്ടതാണ് തിരുവനന്തപുരം സ്വദേശി സുനിൽ കുമാർ സദാശിവൻ (52) എന്ന മലയാളി പ്രവാസി. സ്വന്തം ഭാവി കാര്യമാക്കാതെ ആറ് സഹോദരിമാരെ കെട്ടിച്ചയച്ച് സുരക്ഷിതരാക്കാൻ യൗവനമത്രയും എരിതീർത്തു. ഒടുവിൽ വൈകിയെങ്കിലും സ്വന്തം ജീവിതമെന്ന അധ്യായം തുടങ്ങി. 2006ൽ വിവാഹം കഴിച്ച് കൂടുതൽ നല്ല അവസരങ്ങൾ തേടി യുഎഇയിലേക്ക് വണ്ടി കയറി. പിന്നീട് നാട്ടിൽ തിരിച്ചെത്തി ടൈൽ കോൺട്രാക്ടറായി ജോലി ചെയ്തെങ്കിലും സാമ്പത്തിക പ്രയാസങ്ങൾ വീണ്ടും പ്രവാസിയാക്കി. കഴിഞ്ഞ രണ്ടു വർഷമായി അവിടെ മെയിന്റനൻസ് ടെക്നീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു ഈ മലയാളി.എന്നാൽ സുനിലിന്റെ പരീക്ഷണങ്ങൾ അവിടെയും തീർന്നില്ല. വിവാഹം കഴിഞ്ഞ് നീണ്ട 12 വർഷത്തോളമാണ് കുഞ്ഞില്ലാത്തതിന്റെ വിഷമം ആ ദമ്പതികൾ അനുഭവിച്ചത്. പലവിധ ചികിത്സകൾക്കായി സമ്പാദ്യത്തിന്റെ നല്ലൊരു പങ്കും ചെലവഴിക്കേണ്ടിവന്നു. ജീവിതത്തിലെ ഏറ്റവും കഠിനമായ ആ ദിനങ്ങളിലും ഒപ്പമുണ്ടായിരുന്ന ഭാര്യ പകർന്നുനൽകിയ പ്രതീക്ഷയിലാണ് സുനിൽ പിടിച്ചുനിന്നത്. ഒടുവിൽ കാത്തിരിപ്പിന് വിരാമമിട്ട് മകൾ പിറന്നതോടെ ആ കുടുംബത്തിലേക്ക് സന്തോഷം തിരിച്ചെത്തി.ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ടവരുടെ ജന്മദിന തീയതികൾ ചേർത്തുവച്ച് എടുത്ത ഒരൊറ്റ ലോട്ടറി ടിക്കറ്റ് അബുദാബിയിലെ ഈ മലയാളി പ്രവാസിയുടെ ജീവിതം മാറ്റിമറിച്ചു. അബുദാബിയിൽ സാധാരണ മെയിന്റനൻസ് ടെക്നീഷ്യനായി ജോലി ചെയ്യുന്ന സുനിലിനെ തേടിയെത്തിയ ഈ മഹാഭാഗ്യം പ്രവാസി ലോകത്തെയാകെ അദ്ഭുതപ്പെടുത്തിയിരിക്കുകയാണ്. കംപ്യൂട്ടർ നൽകുന്ന റാൻഡം നമ്പറുകൾക്ക് പിന്നാലെ പോകാതെ മകളുടെയും ഭാര്യയുടെയും സ്വന്തം ജന്മദിന തീയതികളും ചേർത്താണ് സുനിൽ കുമാർ ആ ഭാഗ്യക്കുറി വാങ്ങിയത്.
Fashion ⏭️


