NEWS

റോഡിലെ തിരക്കിൽപ്പെടാതിരിക്കാൻ  റെയിൽവേ ട്രാക്കിലൂടെ നടന്നു,​  ട്രെയിൻ തട്ടി രണ്ടുപേർക്ക് ദാരുണാന്ത്യം

ട്രെയിൻ തട്ടി മരിച്ച പ്രകാശനും സുരേഷും

ആലപ്പുഴ: വള്ളംകളി കണ്ടുമടങ്ങിയ രണ്ടുപേർ റെയിൽവേ ട്രാക്കിലൂടെ നടക്കുന്നതിനിടെ ട്രെയിൻ തട്ടി മരിച്ചു. ആലപ്പുഴ കരുവാറ്റ ലീഡിംഗ് ചാനലിൽ നടന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് (സി.ബി.എൽ.) മത്സരങ്ങൾ ആസ്വദിച്ച ശേഷം വീട്ടിലേക്ക് മടങ്ങിയ തൃക്കുന്നപ്പുഴ സ്വദേശികൾ സുരേഷ് (45), പ്രകാശൻ (65) എന്നിവരാണ് മരിച്ചത്. ഇന്ന് രാത്രി ഏഴരയോടെയായിരുന്നു സംഭവം.

വള്ളംകളി അവസാനിച്ചതിന് പിന്നാലെ പ്രധാന റോഡുകളിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്നു. തിരക്കിൽപ്പെടാതെ വേഗത്തിൽ വീടുകളിൽ എത്താനായി ഇവർ തീരദേശ റെയിൽവേ പാതയിലൂടെ നടക്കാൻ തീരുമാനിക്കുകയായിരുന്നു. ഇരുട്ടിൽ ട്രാക്കിലൂടെ നടന്നുപോകുന്നതിനിടയിൽ അപ്രതീക്ഷിതമായി പാഞ്ഞെത്തിയ ട്രെയിൻ ഇരുവരെയും ഇടിക്കുകയായിരുന്നു.

വിവരമറിഞ്ഞ് പൊലീസും നാട്ടുകാരും ഉടൻ സ്ഥലത്തെത്തി മൃതദേഹങ്ങൾ ഹരിപ്പാടുള്ള സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. ട്രാക്കിൽ മറ്റാരെങ്കിലും പെട്ടിട്ടുണ്ടോ എന്ന ആശങ്കയിൽ പൊലീസും പ്രദേശവാസികളും ചേർന്ന് റെയിൽവേ പാതയോരങ്ങളിൽ പരിശോധന നടത്തിയെങ്കിലും മറ്റ് ആരെയും കണ്ടെത്താനായില്ല. ആഘോഷ രാവിൽ നടന്ന അപ്രതീക്ഷിത ദുരന്തത്തിന്റെ ഞെട്ടലിലാണ് നാട്.

Read News ⏭️

Back to top button