NEWS
രണ്ടുവരിപ്പാതയിൽ ടോൾ പിരിവിനൊരുങ്ങി ദേശീയപാത അതോറിറ്റി; മൈലംപുള്ളി ടോൾ ബൂത്ത് നിർമാണം അന്തിമഘട്ടത്തില്‍

പാലക്കാട് ∙ മതിയായ വീതിയോ യാത്ര സുരക്ഷിതമാക്കാനുള്ള സംവിധാനങ്ങളോ ഇല്ലാതെ രണ്ടുവരിപ്പാതയിൽ ടോൾ പിരിവിന് ഒരുങ്ങുകയാണു ദേശീയപാത അതോറിറ്റി. രണ്ടുവരിപ്പാതയായി തുടരുന്ന പാലക്കാട്–കോഴിക്കോട് ദേശീയപാതയിൽ മൈലംപുള്ളിയിൽ ടോൾ ബൂത്തിന്റെ നിർമാണം അന്തിമഘട്ടത്തിലാണ്. ദേശീയപാതയിൽ നിലവിലുണ്ടായിരുന്ന സ്ഥലം ഉപയോഗിച്ച് വീതി കൂട്ടുകയാണു ചെയ്തത്. ചിലയിടങ്ങളിൽ മാത്രമാണു സ്ഥലമെടുത്തു വീതി കൂട്ടിയത്. നവീകരിച്ച് റോഡ് മാർക്കിങ് രേഖപ്പെടുത്തി. എന്നാൽ മറ്റു ദേശീയപാതകളെപ്പോലെ നാലുവരിപ്പാതയല്ല, രണ്ടുവരിയേ ഉള്ളൂ; മീഡിയനുമില്ല. അതിനാൽ വേഗത്തിൽ പോകാനാകില്ല. സ്ഥിരം അപകടമേഖലകൾ ഇപ്പോഴും വലിയ മാറ്റമില്ലാതെ തുടരുകയാണ്. അഴുക്കുചാലുകളുടെ നിർമാണം പൂർത്തിയാക്കിയിട്ടുമില്ല. വലിയ ജംക്‌ഷനുകളിൽ മതിയായ സുരക്ഷാ സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടില്ല. അതിനു മുൻപേ ടോൾ പിരിക്കാൻ ഒരുങ്ങുകയാണ്. വലഞ്ഞ് പ്രദേശവാസികൾ ടോൾ ബൂത്ത് സ്ഥാപിക്കുന്ന ഇരുവശത്തുമുള്ള വീട്ടുകാരുൾപ്പെടെ വലിയ പ്രയാസത്തിലാണ്. വീതിയില്ലാത്ത രണ്ടുവരിപ്പാതയിൽ സർവീസ് റോഡില്ല. ടോളില്ലാതെ കടന്നുപോകാനുള്ള റോഡു കൂടി സജ്ജമാക്കുമ്പോൾ ഈ ചെറിയ സ്ഥലത്ത് വലിയ ഗതാഗതക്കുരുക്കിന് കാരണമാകുമെന്ന് പ്രദേശത്തെ ഓട്ടോ ഡ്രൈവർമാരായ എം.എച്ച്.അഷ്റഫ്, സി.യു.സലീം, കെ.രാജൻ എന്നിവർ പറയുന്നു. ജനവാസ മേഖലയായതിനാൽ കാൽനടയാത്രക്കാർക്കുള്ള സൗകര്യം എങ്ങനെ ഒരുക്കുമെന്നും നാട്ടുകാർ ചോദിക്കുന്നു.
Fashion ⏭️


