NEWS
കുമ്പളം – തേവര പാലം യാഥാർഥ്യമാകുന്നു, കരാറുകാരനെ തീരുമാനിച്ചു; യാത്രാ ദുരിതത്തിന് പരിഹാരമാകും

കുമ്പളം ∙ നിർദിഷ്ട കുമ്പളം- തേവര പാലത്തിന്റെ കരാറുകാരനെ തീരുമാനിച്ചു. കിഫ്ബി ഇതിനകം ടെൻഡർ ചെയ്തതും ടെൻഡർ ഘട്ടത്തിൽ എത്തിയതുമായ നിർമാണ ജോലികൾക്കും തുടർ ജോലികൾക്കും അനുമതി നൽകിയതിനൊപ്പമാണ് കുമ്പളത്തിനും അനുമതി ലഭിച്ചത്. 2016 -17ൽ 100 കോടി രൂപയ്ക്ക് കുമ്പളം തേവര പാലത്തിന്റെ നിർമാണത്തിനു കിഫ്ബി ഭരണാനുമതി നൽകിയിരുന്നു. എന്നാൽ പിന്നീട് സാങ്കേതിക കാരണങ്ങളാൽ നിർമാണം പ്രായോഗികമല്ല എന്ന് കാണിച്ച് ആക്ഷൻ കൗൺസിൽ പിരിച്ചുവിട്ടു.2021ലെ തിരഞ്ഞെടുപ്പിൽ കെ.ബാബു എംഎൽഎ ആയി തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം കിഫ്ബി മാനേജ്മെന്റുമായി നടത്തിയ ചർച്ചയെ തുടർന്നാണ് പദ്ധതി പുനരാരംഭിക്കുന്നത്. ദേശീയ ജലപാത അതോറിറ്റിയുമായി ബന്ധപ്പെട്ട് പല തടസ്സങ്ങളും ഉന്നയിച്ചിരുന്നു. പല പ്രാവശ്യം ഡിസൈൻ മാറ്റേണ്ടിവന്നു. ജലനിരപ്പും പാലവും തമ്മിലുള്ള അകലം (6 മീറ്റർ) സംബന്ധിച്ച് നിരന്തരം സാങ്കേതിക തടസ്സങ്ങൾ ഉന്നയിച്ചിരുന്നു. അതെല്ലാം പരിഹരിച്ച് പരിസ്ഥിതി ക്ലിയറൻസും കേരള കോസ്റ്റൽ സോൺ മാനേജ്മെന്റ് അസോസിയേഷന്റെ അനുമതിയും നേടി നിർമാണത്തിന് ആവശ്യമായ ഭൂമി ഏറ്റെടുത്തു.
Fashion ⏭️


