NEWS

വീട്ടുമുറ്റത്ത് രൂപപ്പെട്ട ഗർത്തം ദിവസേന വലുതാകുന്നു; നിരവധി കുടുംബങ്ങൾ ഭീതിയിൽ: കിണറും മലിനമായി


കൂരാച്ചുണ്ട് ∙ കോഴിക്കോട് കൂരാച്ചുണ്ട് പഞ്ചായത്തിൽ ഒന്നാം വാർഡിലെ പൂവത്താംകുന്നിൽ പറയൻകണ്ടത്തിൽ പരമേശ്വരന്റെ വീട്ടുമുറ്റത്ത് കഴിഞ്ഞ ദിവസം രൂപപ്പെട്ട ഗർത്തം ദിവസേന വലുതാകുന്നതിൽ ജനങ്ങളിൽ ആശങ്ക വർധിക്കുന്നു. കഴിഞ്ഞ ദിവസം ചെറിയ ഗർത്തമായി കണ്ടുതുടങ്ങിയ കുഴി ഇപ്പോൾ കൂടുതൽ ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നതാണു പ്രശ്നമാകുന്നത്. പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ ജിയോളജി വിഭാഗത്തിന് നൽകിയ പരാതിയെ തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ച ജിയോളജിസ്റ്റുകൾ സ്ഥലം സന്ദർശിച്ചിരുന്നു. പ്രശ്നത്തിൽ ആശങ്കപ്പെടാനില്ലെന്നും തിങ്കളാഴ്ച റിപ്പോർട്ട് ഡിസാസ്റ്റർ മാനേജ്മെന്റിന് കൈമാറുമെന്നുമാണു അറിയിച്ചത്.ഗർത്തം രൂപപ്പെട്ടതിനു താഴ്ഭാഗത്ത് കിണറ്റിൽ മണ്ണും ചെളി വെള്ളവും പ്രവഹിച്ചതും ജനങ്ങളിൽ സംശയം വർധിക്കാൻ കാരണമായിട്ടുണ്ട്. ഗർത്തം രൂപപ്പെട്ട വീടിനു താഴെയുള്ള പ്രദേശത്തെ കൂരാച്ചുണ്ട്, കായണ്ണ പഞ്ചായത്തുകളിലെ 15 ഓളം കുടുംബങ്ങൾ ഭീതിയിലാണ് കഴിയുന്നത്. കുഴി വർധിക്കുന്നത് അപകടത്തിനു കാരണമാകുമെന്നാണ് ജനങ്ങളിൽ സംശയമുയരുന്നത്. കലക്ടർ ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥ സംഘം സ്ഥലം സന്ദർശിക്കണമെന്നും സംഭവത്തിനു പിന്നിലെ യഥാർഥ കാരണം കണ്ടെത്തി പരിഹാരമുണ്ടാക്കണമെന്നുമാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു കടലാശ്ശേരി സ്ഥലം സന്ദർശിച്ചു.


Fashion ⏭️

Back to top button