ചിരിസാറേ പൊലീസേ കേരള പൊലീസിനെ ചിരിപ്പിക്കാൻ പരിശീലനം

തിരുവനന്തപുരം: മീശ മുറുക്കി, കണ്ണുരുട്ടുന്ന കേരള പൊലീസ് ഇനി പുഞ്ചിരിക്കും. പൊലീസ് ട്രെയിനിംഗ് കോളേജിൽ അതിനുള്ള പരിശീലനം നൽകും. സർക്കിൾ ഇൻസ്പെക്ടർ, സബ് ഇൻസ്പെക്ടർ റാങ്കിലുള്ളവർക്കാണ് ചിരിപരിശീലനം. പരാതിക്കാരുടെയും മറ്റും മുഖത്തുനോക്കി പുഞ്ചിരിക്കാനും പ്രശ്നങ്ങൾ സൗമ്യമായി നേരിടാനുമാണ് പരിശീലനം. അതിലൂടെ പൊലീസ് ഉദ്യോഗസ്ഥരുടെ മാനസിക സംഘർഷവും കുറയും. പൊലീസ് സേനയെ സൗമ്യമായ പെരുമാറ്റം പരിശീലിപ്പിക്കുന്നതിന്റെ ഭാഗമായാണിത്. 20മിനിട്ടാണ് ആദ്യഘട്ട ചിരിപഠനം. സാങ്കേതിക വിദ്യകൾ കൂട്ടിച്ചേർത്തുള്ള ‘ഹൈബ്രിഡ് മോഡി”ൽ എല്ലാ പൊലീസുകാർക്കും ചിരിപരിശീലനം നൽകും.
പൊലീസ് ട്രെയിനിംഗ് കോളേജ് പ്രിൻസിപ്പൽ മുഹമ്മദ്ഷാഫിയുടെ ആശയമാണിത്. സ്ട്രെസ് മാനേജ്മെന്റ് വിദഗ്ദ്ധൻ ഡോ.അജിത്കുമാറാണ് പരിശീലകൻ. എങ്ങനെ മധുരമായി ചിരിക്കാമെന്നാണ് ആദ്യം പഠിപ്പിക്കുക. പലവിധ ചിരികൾ പരിശീലിപ്പിക്കും. രണ്ടുപേർ മുഖാമുഖം ചിരിക്കുന്നതും ശ്വാസം പരമാവധി പുറത്തുവിട്ടുള്ള ആശ്വാസച്ചിരിയുമെല്ലാം പഠിപ്പിക്കും. രണ്ടു കൈകളുമുയർത്തിയുള്ള ആരോഗ്യപ്രദമായ ചിരിയും പരിശീലിപ്പിക്കും.
ചെന്നിത്തലയുടെ നിർദ്ദേശം
പലവിധ പ്രശ്നങ്ങളുമായി അവസാന ആശ്രയമെന്ന നിലയ്ക്ക് സ്റ്റേഷനുകളിലെത്തുന്നവരെ ചിരിച്ചുകൊണ്ട് സ്വീകരിക്കണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിർദ്ദേശിച്ചിരുന്നു. എന്നിട്ടും പൊലീസുകാർക്ക് ചിരി ‘റേഷനായിരുന്നു”. ഇതേത്തുടർന്നാണ് പൊലീസുകാരെ പെരുമാറ്റ രീതികൾ പഠിപ്പിക്കുന്ന മൊഡ്യൂളിനൊപ്പം ചിരിയും പഠിപ്പിക്കുന്നത്. പൊലീസുദ്യോഗസ്ഥർ പൊതുജനങ്ങളോട് മര്യാദയും ഔചിത്യവും അവസരോചിതമായ സഹാനുഭൂതിയും പ്രകടിപ്പിക്കേണ്ടതും സഭ്യവും മാന്യവുമായ ഭാഷ ഉപയോഗിക്കേണ്ടതുമാണ്. പൊലീസ് ആക്ടിലെ സെക്ഷൻ-29(1)ൽ ഇത് വ്യക്തമായി പറഞ്ഞിട്ടുണ്ട്.
സമ്മർദ്ദം കുറയ്ക്കും, ഉന്മേഷം കൂട്ടും
ചിരിക്കുമ്പോൾ ശരീരത്തിൽ സന്തോഷത്തിന്റെ ഹോർമോണായ എൻഡോർഫിൻ ഉത്പാദിപ്പിക്കും. സ്ട്രെസ് ഹോർമോണുകൾ കുറയും. ഉന്മേഷം കൂടും. ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവർത്തനം മെച്ചപ്പെടും. രക്തയോട്ടം കൂടും, ബി.പി കുറയും. മാനസികസമ്മർദ്ദവും ഉത്കണ്ഠയും കുറയും. ആത്മവിശ്വാസവും പോസിറ്റീവ് ചിന്തകളും വർദ്ധിക്കും.
”ജോലിയിലെ പിരിമുറുക്കം ഒഴിവാക്കി ജനങ്ങളോട് ചിരിയോടെ ഇടപെടുന്നത് സേനയ്ക്ക്
മേന്മയുണ്ടാക്കും. മാന്യമായ പെരുമാറ്റം ഉറപ്പാക്കാൻ ചിരിപരിശീലനം ഉപകരിക്കും
-കെ.മുഹമ്മദ്ഷാഫി
പ്രിൻസിപ്പൽ,
പൊലീസ് ട്രെയിനിംഗ് കോളേജ്


