NEWS
നേപ്പാളിലെ മിന്നൽ പ്രളയം; യാത്രാ നിയന്ത്രണത്തിൽ കുടുങ്ങി കോഴിക്കോട് നിന്നുള്ള സംഘം

കോഴിക്കോട്∙ മിന്നൽ പ്രളയത്തിനു പിന്നാലെ ഏർപ്പെടുത്തിയ യാത്രാ നിയന്ത്രണത്തിൽ നേപ്പാളിൽ കുടുങ്ങി കോഴിക്കോട് നിന്നുളള 42 അംഗ സംഘം. മിന്നൽ പ്രളയമുണ്ടായ മേഖലയിൽനിന്ന് മാറി നേപ്പാളിലെ ഗണ്ഡകി പ്രവിശ്യയുടെ തലസ്ഥാനവും പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നുമായ പൊഖ്രയിലാണ് ഈ സംഘം കുടുങ്ങിയത്. കോഴിക്കോട് ഉള്ള്യേരിയിൽ നിന്നാണ് ഈ സംഘം നേപ്പാളിൽ വിനോദസഞ്ചാരത്തിന് എത്തിയത്. കോഴിക്കോട്, വയനാട് ജില്ലകളിൽ നിന്നുള്ളവർ സംഘത്തിലുണ്ട്.‘‘ഞങ്ങൾ പൊഖ്ര എന്ന സ്ഥലത്താണ്. ഇവിടെ മഴയില്ല. ഞങ്ങളെല്ലാവരും മുറിയിൽ സുരക്ഷിതരായി ഇരിക്കുകയാണ്.’’ – സംഘത്തിലെ അംഗമായ പി.പ്രദീപ്കുമാർ പറഞ്ഞു. ഉള്ളിയേരി മലബാർ മെഡിക്കൽ കോളജിനു സമീപം ശ്രീവൽസത്തിൽ പി.പ്രദീപ്കുമാർ പാവണ്ടൂർ എച്ച്എസ്എസ്സിൽനിന്നു വിരമിച്ച അധ്യാപകനാണ്. ഈ മാസം 21 ന് ആണ് സംഘം കേരളത്തിൽനിന്ന് യാത്ര തിരിച്ചത്.
Fashion ⏭️


