NEWS

യുദ്ധപ്രമേയം പാളി; വെടിനിർ‌ത്തണമെന്ന് ഇറാൻ, സൗദിയെ പ്രകോപിപ്പിച്ച് ഹൂതികൾ, എണ്ണവില മേലോട്ട്, പോസിറ്റീവ് ആകാൻ ‘ഇന്ത്യ’


ഇറാനും യുഎസും തമ്മിൽ വെടിനിർത്തലിനുള്ള സാധ്യതകൾക്ക് തുരങ്കംവച്ച് രണ്ട് അപ്രതീക്ഷിത വെല്ലുവിളികൾ. താഴ്ന്നിറങ്ങിയ ക്രൂഡോയിൽ വില ഇതോടെ വീണ്ടും കൂടി. ആഗോളതലത്തിൽ ഓഹരി വിപണികൾ സമ്മിശ്ര പ്രകടനമാണ് നടത്തുന്നത്. ഇന്ത്യയിൽ ഗിഫ്റ്റ് നിഫ്റ്റി രാവിലെ പോസിറ്റീവ് ആണെങ്കിലും നിക്ഷേപകർക്കിടയിൽ ആശങ്ക നിലനിൽക്കുന്നു. ആണവ ബോംബ് നിർമാണം ഇറാന്റെ ലക്ഷ്യമല്ലെന്നും വെടിനിർത്തലിനും ചർച്ചയ്ക്കും തയാറാണെന്നും ഫോക്സ് ന്യൂസ് ചാനലിന് അനുവദിച്ച അഭിമുഖത്തിൽ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ പറഞ്ഞിരുന്നു. ആണവ പദ്ധതിക്കുള്ള യുറേനിയം സമ്പുഷ്ടീകരണത്തിന്റെ 60% വിട്ടുകൊടുക്കാൻ ഇറാൻ ഒരുക്കമാണെന്നും പറഞ്ഞ പെസെഷ്കിയാൻ യുദ്ധം തുടരണോയെന്ന് യുഎസിന് തീരുമാനിക്കാമെന്നും വ്യക്തമാക്കിയിരുന്നു. ഇറാന്റെ കപ്പലുകൾക്കെതിരായ യുഎസ് ഉപരോധം പിൻവലിച്ചാൽ ഹോർമുസ് തുറക്കാമെന്ന വാഗ്ദാനവും ഇറാൻ മുന്നോട്ടുവച്ചുവെന്നാണ് സൂചനകൾ. എരിതീയിൽ എണ്ണയിട്ട് ഹൂതികൾ സമാധാന പ്രതീക്ഷ ഉയരവേ, ചെങ്കടൽ തീരത്തുള്ള സൗദി അറേബ്യയുടെ എണ്ണ കയറ്റുമതി കേന്ദ്രമായ യാമ്പുവിൽ ആക്രമണം നടത്തിയെന്ന അവകാശവാദവുമായി ഇതിനിടെ യെമനിലെ ഹൂതി വിമതർ രംഗത്തെത്തിയത് ആശങ്കയായി. 6 ബാലിസ്റ്റിക് മിസൈലുകൾ വിജയകരമായി തടുത്തുവെന്ന് ഹൂതികൾക്കെതിരെ പോരാടുന്ന സൗദി പിന്തുണയുള്ള സംയുക്ത സേനയുടെ വക്താവ് മേജർ‌ ജനറൽ തുർകി അൽ-മാലിക്കി സൗദി പ്രസ് ഏജൻസിയോട് (എസ്പിഎ) പറഞ്ഞു. എന്നാൽ, റിയാദിലും സൗദി അറംകോ എണ്ണക്കമ്പനിയുടെ കേന്ദ്രങ്ങളിലും ആക്രമണം നടത്തിയെന്ന് ഇതിനു തൊട്ടുപിന്നാലെ ഹൂതികൾ വീണ്ടും അവകാശപ്പെട്ടു. സൗദിക്ക് സൈനിക പിന്തുണ നൽകുമെന്ന വാഗ്ദാനവുമായി ഫ്രാൻസ് രംഗത്തുവന്നിട്ടുണ്ട്. യുദ്ധം നിർത്തൽ പ്രമേയം പാളി ഇതിനിടെ, ഇറാനെതിരായ യുദ്ധം അവസാനിപ്പിക്കാനായി കൊണ്ടുവന്ന പ്രമേയം യുഎസ് സെനറ്റിൽ ഒറ്റവോട്ടിന് പരാജയപ്പെട്ടതും തിരിച്ചടിയായി. 49ന് എതിരെ 50 വോട്ടുകൾക്കാണ് പ്രമേയം തള്ളിയത്. ഇതോടെ യുദ്ധം തുടരുമെന്ന് ഉറപ്പായി. പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്നുണ്ടായ വിലക്കയറ്റത്തിന്റെ ആഘാതം ഏറ്റവുമധികം അനുഭവിക്കുന്ന രാജ്യങ്ങളിലൊന്നാണ് യുഎസ്. നവംബറിലെ ഇടക്കാല തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥികൾക്ക് ഇത് തിരിച്ചടിയാകുമെന്ന വിലയിരുത്തലുമുണ്ട്. എന്നാൽ, പ്രമേയത്തിനെതിരെ 4 റിപ്പബ്ലിക്കൻ സെനറ്റർമാർ വോട്ട് ചെയ്യുകയായിരുന്നു. ഇന്നലെ ബാരലിന് 103 ഡോളറിലേക്ക് താഴ്ന്ന ബ്രെന്റ് ക്രൂഡ് വില ഒരുവേള 106 ഡോളറിലേക്ക് ഉയർന്നു. ഇപ്പോഴുള്ളത് 105.8 ഡോളറിൽ. അമേരിക്കൻ (ഡബ്ല്യുടിഐ) ക്രൂഡ് വില പക്ഷേ, ബാരലിന് 1.52% താഴ്ന്ന് 93.17 ഡോളറിലാണുള്ളത്. ബോണ്ട് ബോംബ് തണുക്കുന്നു; ഇന്ത്യയ്ക്ക് നേട്ടപ്രതീക്ഷ യുദ്ധം സംബന്ധിച്ച അനിശ്ചിതത്വവും എണ്ണവിലയുടെ ചാഞ്ചാട്ടവും ആഗോള സമ്പദ്മേഖലയെ ഉലയ്ക്കുകയാണ്. ഇന്നലെ വിപണികൾക്കുമേൽ ‘ബോംബായി’ മാറിയ യുഎസ് ബോണ്ട് യീൽഡുകൾ ഇപ്പോൾ നേരിയതോതിൽ താഴ്ന്നത് ഓഹരി വിപണികൾക്ക് ഇന്ന് നേട്ടപ്രതീക്ഷ നൽകുന്നുണ്ട്. പ്രതിസന്ധികൾ മാറുകയും യുഎസും ഇറാനും വീണ്ടും സമാധാനമേശയിലേക്ക് എത്തുമെന്നുമുള്ള വിലയിരുത്തലുകളും പ്രതീക്ഷ നൽകുന്നു. യുഎസിൽ ഫ്യൂച്ചേഴ്സ് വിപണിയിൽ എസ് ആൻഡ് പി500, നാസ്ഡാക്, ഡൗ ജോൺസ് എന്നിവ 0.1% വീതം താഴ്ന്നു. ഏഷ്യയിൽ പക്ഷേ ജാപ്പനീസ് നിക്കേയ് 0.25% ഉയർന്നു. ചൈന, ദക്ഷിണ കൊറിയ വിപണികൾക്ക് ഇന്ന് അവധിയാണ്. ഇന്ത്യയിൽ രാവിലെ ഗിഫ്റ്റ് നിഫ്റ്റി 50 പോയിന്റിലധികം ഉയർന്നു. ഇന്നലെ 1250 പോയിന്റ് (-1.67%) തകർന്നടിഞ്ഞ സെൻസെക്സും 383 പോയിന്റ് (-1.64%) ഇടിഞ്ഞ നിഫ്റ്റിയും ഇന്ന് നേട്ടത്തോടെ വ്യാപാരം തുടങ്ങുമെന്ന പ്രതീക്ഷ ഇതു നൽകുന്നു. എങ്കിലും, കരുതലോടെ തന്നെയാകും നിക്ഷേപകർ ഇന്നും ഇടപാടുകൾ നടത്തുക. രൂപയ്ക്ക് സമ്മർദം, സ്വർണം മേലോട്ട്? ദശാബ്ദങ്ങൾക്കിടയിലെ ഏറ്റവും ഉയരമായ 5.20 ശതമാനത്തിൽ നിന്ന് 5.19ലേക്കാണ് യുഎസ് 10-വർഷ ട്രഷറി യീൽഡ് താഴ്ന്നത്. ബോണ്ട് യീൽഡിന്റെ മുന്നേറ്റം ഇന്നലെ ഓഹരി വിപണികളെയും സ്വർണവിലയെയും തളർത്തിയിരുന്നു. രാജ്യാന്തര സ്വർണവില ഇപ്പോഴുള്ളത് ഔൺസിന് 1 ഡോളർ മാത്രം ഉയർന്ന് 4283 ഡോളറിലാണ്. കേരളത്തിൽ ഇന്ന് വില മാറ്റത്തിന് സാധ്യതയില്ല. ഡോളർ കരുത്ത് നേടിയതിനാൽ രൂപ ഇന്നലെ 23 പൈസ താഴ്ന്ന് 95.96ൽ എത്തി. ഇന്നും രൂപ സമ്മർദം നേരിടാനാണ് സാധ്യത. ഉറ്റുനോട്ടം ട്രംപ്-ഷി കൂടിക്കാഴ്ചയിലേക്ക് യുഎസ് പ്രസിഡന്റ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും തമ്മിൽ നടക്കുന്ന ചർച്ചകളും ആഗോള ഓഹരി, സ്വർണ വിപണികളെ സ്വാധീനിക്കും. അപൂർവധാതുക്കൾ‌ (റെയർ എർത്ത്), നിർമിത ബുദ്ധി (എഐ), തീരുവത്തർക്കം, ഇറാൻ യുദ്ധം തുടങ്ങിയ വിഷയങ്ങൾ ഇരു നേതാക്കളും ചർച്ച ചെയ്തേക്കും. മനുഷ്യന് ദോഷകരമല്ലാത്തവിധമാകണം എഐ വികസനമെന്നാണ് ട്രംപിന്റെ നിലപാട്.


Fashion ⏭️

Back to top button