NEWS

കോട്ടയം ആകാശപ്പാത പദ്ധതിക്ക് വീണ്ടും ജീവൻ; മൂന്നുഘട്ടം, 18 മാസത്തിനുള്ളിൽ പൂർത്തിയാക്കും


തിരുവനന്തപുരം∙ വര്‍ഷങ്ങളായി നിര്‍മാണം മുടങ്ങി വിവാദമായ കോട്ടയത്തെ ആകാശപ്പാത പദ്ധതി വീണ്ടും സജീവമാകുന്നു. കോട്ടയം എംഎല്‍എയും നിയമസഭാ സ്പീക്കറുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഗതാഗത മന്ത്രി സി.പി.ജോണും പങ്കെടുക്കുന്ന ഉന്നതതലയോഗം സെപ്റ്റംബര്‍ 23ന് 3 മണിക്ക് നിയമസഭാ കോംപ്ലക്‌സില്‍ നടക്കും. യോഗത്തില്‍ ഗതാഗത വകുപ്പിലെയും പൊതുമരാമത്ത് വകുപ്പിലെയും ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുക്കും. സ്പീക്കറുടെ അഭ്യര്‍ഥനപ്രകാരം പൊതുമരാമത്ത് വകുപ്പ് ആര്‍ക്കിടെക്ചറല്‍ വിഭാഗം പുതുക്കിയ രൂപരേഖ തയാറാക്കിയിരുന്നു. മൂന്നുഘട്ടമായാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഒന്നാം ഘട്ടമായി ആകാശപ്പാതയുടെ റൗണ്ടിന്റെ നിര്‍മാണം. രണ്ടാം ഘട്ടമായി തിരുനക്കര മൈതാനം – ബസ് സ്റ്റാന്റ് വഴി റോഡ് ക്രോസ് ചെയ്ത് മുന്‍സിപ്പല്‍ ബില്‍ഡിങ് വഴി റൗണ്ടില്‍ എത്തി ബേക്കർ ജം‌ക്‌ഷന്‍ വരെ പാത പോകുന്ന രീതിയിലാണ് രൂപരേഖ തയാറാക്കിയിട്ടുള്ളത്. അതനുസരിച്ച് മുനിസിപ്പല്‍ ബില്‍ഡിങിനു സമീപമുള്ള ഓപ്പണ്‍ സ്‌പേസിനടുത്തും സിഎസ്ഐ കോംപ്ലക്‌സ് ഭാഗത്തും സ്റ്റെയര്‍കേസും ലിഫ്റ്റും ഉണ്ടാകും. മൂന്നു മാര്‍ഗങ്ങളിലൂടെ ആകാശപ്പാതയിലേക്ക് പ്രവേശിക്കാന്‍ സാധിക്കും. രണ്ട് ഘട്ടങ്ങളുടെ നിര്‍മാണം ഒരുമിച്ചു നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. പതിനെട്ട് മാസത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കണമെന്ന് സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.


Fashion ⏭️

Back to top button