HEALTH

ശബ്ദമലിനീകരണം ആരോഗ്യത്തിന് ഗുരുതര ഭീഷണി; മുന്നറിയിപ്പുമായി വിദഗ്ധർ | Noise Pollution Threatens Health


അമിതമായ ശബ്ദം ചെവികൾക്ക് മാത്രമല്ല, മനുഷ്യന്റെ മൊത്തത്തിലുള്ള ആരോഗ്യത്തെയും ബാധിക്കുമെന്ന് വിദഗ്ധർ. സാധാരണയായി വാഹനങ്ങളുടെ ഹോൺ ശബ്ദം, നിർമാണ പ്രവർത്തനങ്ങൾ, വലിയ സംഗീത പരിപാടികൾ എന്നിവയോട് മനുഷ്യശരീരം എളുപ്പത്തിൽ പൊരുത്തപ്പെടാറുണ്ട്. എന്നാൽ ഇത്തരത്തിൽ നമുക്ക് സാധാരണയായി തോന്നുന്ന പല ശബ്ദങ്ങളും യഥാർത്ഥത്തിൽ സുരക്ഷിതമല്ലെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഉയർന്ന ശബ്ദം തുടർച്ചയായി കേൾക്കുന്നത് ഉൾച്ചെവിയിലെ കോശങ്ങളെ നശിപ്പിക്കുകയും സ്ഥിരമായ കേൾവിശക്തി നഷ്ടപ്പെടുന്നതിലേക്ക് നയിക്കുകയും ചെയ്യും. ചെവിയിൽ എപ്പോഴും മുഴക്കം കേൾക്കുന്ന ‘ടിന്നിടസ്’ എന്ന അവസ്ഥക്കും ഇത് കാരണമാകും. എന്നാൽ കേൾവി തകരാറുകൾക്ക് അപ്പുറം, വിട്ടുമാറാത്ത ശബ്ദമലിനീകരണം ശരീരത്തിൽ കടുത്ത മാനസിക-ശാരീരിക സമ്മർദം ഉണ്ടാക്കുന്നുണ്ട്. കൂടാതെ രക്തസമ്മർദം ഉയർത്താനും ഹൃദയമിടിപ്പ് വർധിപ്പിക്കാനും കാരണമാകും. ദീർഘകാലം ഇത്തരം ശബ്ദങ്ങളുമായി സമ്പർക്കത്തിൽ വരുന്നത് വഴി ഹൃദ്രോഗം, സ്ട്രോക്ക്, പ്രമേഹം എന്നിവ വരാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് ലോകാരോഗ്യ സംഘടനയുടെ മാർഗനിർദേശങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ഓഫീസുകളിലും ഫാക്ടറികളിലും പരമാവധി അനുവദനീയമായ ശബ്ദപരിധി 85 ഡെസിബെൽ (dBA) ആണെങ്കിലും, ഇതിലും കുറഞ്ഞ അന്തരീക്ഷമാണ് ആരോഗ്യത്തിന് നല്ലത്. ഹെഡ്‌ഫോണുകളുടെ വോളിയം കുറച്ചുവെച്ചും, യാത്രകളിൽ വണ്ടിയുടെ ജനലുകൾ അടച്ചിട്ടും, വലിയ ശബ്ദമുള്ളയിടങ്ങളിൽ ഇയർപ്ലഗ്ഗുകൾ ധരിച്ചും ഒരു പരിധി വരെ സ്വയം സംരക്ഷിക്കാം. എങ്കിലും, ശബ്ദം കുറഞ്ഞ യന്ത്രങ്ങൾ നിർമ്മിച്ചും നഗരങ്ങൾ കൃത്യമായി ആസൂത്രണം ചെയ്തും മാത്രമേ ഈ പൊതുജനാരോഗ്യ പ്രശ്നത്തിന് ശാശ്വതമായ പരിഹാരം കാണാൻ സാധിക്കൂ എന്ന് വിദഗ്ദ്ധർ ഓർമ്മിപ്പിക്കുന്നു.


Life Style ⏭️

Back to top button