NEWS
റീൽസിനു പാകമായ വൈബുള്ള ഇടമോ, സൊറ പറഞ്ഞിരിക്കാൻ കുന്നോ കണ്ടാൽ അങ്ങോട്ടു വച്ചുപിടിച്ചോളൂ; പക്ഷേ ജാഗ്രത വേണം

ടികെ നഗറിലെ കോട്ടപ്പുഴയിലുണ്ടായ മലവെള്ളപ്പാച്ചിൽ ജില്ലയുടെ ഇടനെഞ്ചിലൊരു നടുക്കം സൃഷ്ടിച്ചാണ് കടന്നുപോയത്. റീൽസിനു പാകമായ വൈബുള്ള ഇടമോ, കുടുംബത്തോടൊപ്പം സൊറ പറഞ്ഞിരിക്കാൻ പാകത്തിലൊരു കുന്നോ കണ്ടാൽ അങ്ങോട്ടു വച്ചുപിടിക്കുന്നവരാണ് മലപ്പുറത്തുകാർ. ഒറ്റയും തെറ്റയുമായി ആളുകളെത്തിയിരുന്ന സ്ഥലങ്ങൾ പിന്നീട് ആൾക്കൂട്ടങ്ങളെ ആകർഷിക്കുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളായി മാറുന്ന കാഴ്ച പലയിടങ്ങളിലുമുണ്ട്. പലതും സർക്കാരിന്റെ ഔദ്യോഗിക പട്ടികയിൽ ഉൾപ്പെടാത്തതും പ്രാഥമികമായ സുരക്ഷാ മുൻകരുതലുകൾ പോലുമില്ലാത്തതുമായിരിക്കും. ജില്ലയിൽ വൻ തോതിൽ ജനത്തെ ആകർഷിക്കുന്ന, എന്നാൽ ഔദ്യോഗിക രേഖകളിൽ വിനോദസഞ്ചാര കേന്ദ്രങ്ങളല്ലാത്ത പ്രദേശങ്ങളെ പരിചയപ്പെടുത്തുന്ന പരമ്പര ഇന്നു മുതൽ വായിക്കാം. ഇവിടേക്കു പോകുമ്പോൾ പാലിക്കേണ്ട മുൻകരുതലുകളെക്കുറിച്ച് അറിയാം…ചെങ്കുത്തായ പാറക്കെട്ടുകൾക്കിടയിലൂടെ ജലം കുതിച്ചെത്തുമ്പോഴാണ് താഴെയുള്ളവർ വിവരം അറിയുക. കഴിഞ്ഞ ദിവസത്തെ അപകടത്തിൽ 15 മിനിറ്റിനുള്ളിലാണ് 10 അടിവരെ വെള്ളം ഉയർന്നത്. അവധിദിവസങ്ങളിൽ നൂറിലേറെപ്പേരാണ് ഇവിടെയെത്തുന്നത്. കഴിഞ്ഞ ദിവസം, അപകടമുണ്ടായ സമയത്ത് നൂറ്റൻപതിലധികം പേരാണ് കോട്ടപ്പുഴ ഭാഗത്തുണ്ടായിരുന്നത്. ഉയർന്ന പ്രദേശമായ ഇവിടെ കിണറുകൾ കുറവാണ്. കോട്ടപ്പുഴയിലെ വെള്ളമാണ് ആശ്രയം. സഞ്ചാരികൾ ഭക്ഷണാവശിഷ്ടങ്ങൾ എറിഞ്ഞും മദ്യക്കുപ്പികൾ പൊട്ടിച്ചിട്ടും പുഴ മലിനമാക്കുന്നത് നാട്ടുകാരുടെ പ്രതിഷേധത്തിനു കാരണമാകാറുണ്ട്.
Fashion ⏭️




