NEWS
‘കൊല്ലുന്നത് അവർ; ശിക്ഷിക്കപ്പെടുന്നത് ഞങ്ങൾ, ബലപ്രയോഗത്തിനു മുന്നിൽ മുട്ടുമടക്കില്ല’: ഇറാൻ പ്രസിഡന്റ്

ജനീവ∙ ഇറാനും ഇറാൻ ജനതയും ‘ഭീകരവാദത്തിന്റെ ഇരകൾ’ ആണെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ. ഐക്യരാഷ്ട്ര സംഘടന പൊതുസഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഎസ് രാജ്യാന്തര നിയമങ്ങളെ മാനിക്കുന്നില്ലെന്നും ഇത്തരം ഭീഷണികളെ നേരിടാൻ ഇറാൻ ശക്തമാണെന്നും പെസെഷ്കിയാൻ പറഞ്ഞു.‘യുദ്ധം ഇറാനുമേൽ അടിച്ചേൽപ്പിക്കപ്പെട്ടതാണ്. എന്നാൽ, പോരാട്ടത്തെ ഞങ്ങൾ പേടിക്കുന്നില്ലെന്ന് തെളിയിച്ചു. ഞങ്ങൾ സ്വയം പ്രതിരോധിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. മുട്ടുമടക്കില്ല. ഞങ്ങൾ ഭീകരവാദികളല്ല. ഇറാനുനേരെ അടിച്ചേൽപ്പിക്കപ്പെട്ട ഭീരുത്വപരമായ ആക്രമണങ്ങളുടെയും കയ്യേറ്റങ്ങളുടെയും ഇരകളായി ഞങ്ങളുടെ നിഷ്കളങ്കരായ ജനങ്ങൾ മാറി. എന്നിട്ടും ഞങ്ങൾ പരമാവധി ശക്തിയോടെ പ്രതിരോധിച്ചു. അമേരിക്കയും ഇസ്രയേലും ഞങ്ങളെ ആക്രമിച്ചു. ഈ ഭീഷണികളെ ഒഴിവാക്കാൻ ഇറാന് ശക്തരായേ മതിയാകൂ. ട്രംപും ഇറാനെ ഉപദ്രവിക്കുന്ന മറ്റുള്ളവരും മനസിലാക്കേണ്ട കാര്യം, ബലപ്രയോഗത്തിന്റെ ഭാഷയിലല്ലാത്ത ചർച്ചയ്ക്കും നയതന്ത്രത്തിനും ഞങ്ങൾ തയ്യാറാണ്. ആറ്റം ബോബുകളും അണ്വായുധങ്ങളും ഇസ്രയേലിന്റെ കൈകളിലാണ്. എന്നാൽ നിരീക്ഷകരോട് ഇറാനിലേക്ക് പോകാനാണ് പറയുന്നത്. കൊല്ലുന്നത് ഇസ്രയേലാണ്, ഉപരോധങ്ങൾ നേരിടുന്നത് ഇറാനും. ഇതാണ് യഥാർഥ ദുരന്തം. അവർ കൊല്ലുന്നു. ഞങ്ങൾ ശിക്ഷിക്കപ്പെടുന്നു. ഇറാന് ആണവോർജമാണ് വേണ്ടത്. ആണവ ബോംബല്ല.’–പെസെഷ്കിയാൻ പറഞ്ഞു. ഇറാനിലെ മിനാബിൽ സ്കൂളിനുനേരെ നടന്ന ആക്രമണത്തിൽ പരുക്കേറ്റ വിദ്യാർഥികളുടെ ചിത്രങ്ങളും യുഎൻ പൊതുസഭയിൽ പെസെഷ്കിയാൻ ഉയർത്തിക്കാട്ടി.
Fashion ⏭️




