NEWS

പ്രതിഷേധം തുടരും;കോതമംഗലത്ത് വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ മാനേജ്മെന്റ് ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് സഹപാഠികൾ

ആത്മഹത്യ ചെയ്ത വിദ്യാർത്ഥി മിച്ചി മാർപ്പു

കൊച്ചി: കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ഓഫ് എൻജിനീയറിംഗ് കോളേജിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്തതിന് പിന്നാലെ പ്രതിഷേധം ശക്തമാക്കി വിദ്യാർത്ഥികൾ. കോളേജിലെ രണ്ടാം വർഷ എഞ്ചിനീയറിംഗ് വിദ്യാർത്ഥി അരുണാചൽ പ്രദേശ് സ്വദേശി മിച്ചി മാർപ്പു കഴിഞ്ഞ ദിവസമാണ് ആത്മഹത്യ ചെയ്തത്. പരീക്ഷയിലെ കുറഞ്ഞ ക്രെഡിറ്റ് മാർക്കും അതുമൂലം ഇയർ ബാക്ക് ഉണ്ടാകുമെന്ന ഭയവും മാനസിക വിഷമവും കാരണമാണ് വിദ്യാർത്ഥി ജീവനൊടുക്കിയതെന്നാണ് കണ്ടെത്തൽ. സാങ്കേതിക സർവകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിൽ ക്രെഡിറ്റ് സ്കോർ 18 ഉള്ളപ്പോൾ എം എ കോളേജിൽ സ്കോർ 22 ആണ്. ഇതിനെതിരെയാണ് വിദ്യാർത്ഥികൾ പ്രതിഷേധം സംഘടിപ്പിച്ചത്.

കഴിഞ്ഞ ഒരുമാസമായി മിച്ചിയെ ക്ളാസിൽ കയറാൻ അനുവദിച്ചിരുന്നില്ലെന്നും വിദ്യാർത്ഥി കടുത്ത മാനസിക വിഷമം അനുഭവിച്ചിരുന്നതായും സഹപാഠികൾ വ്യക്തമാക്കി. ആത്മഹത്യയ്ക്ക് പിന്നാലെ വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധത്തെത്തുട‌ർന്ന് ക്രെഡിറ്റ് സ്കോർ ഉൾപ്പെടെയുള്ളവ സർവകലാശാലയുടെ മാനദണ്ഡങ്ങൾക്ക് അനുസൃതമാക്കാമെന്നാണ് മാനേജ്മെന്റ് അറിയിച്ചു. സേ പരീക്ഷാ ഫീസ് 6000 രൂപയിൽ നിന്ന് 1000 രൂപയായി കുറയ്ക്കുന്നതിലും തീരുമാനം എടുക്കാമെന്ന് കോളേജ് അധികൃതർ വ്യക്തമാക്കിയിരുന്നു.കൂടാതെ,​ കുറഞ്ഞ ക്രെഡിറ്റിന്റെ പേരിൽ നേരത്തെ രജിസ്റ്റർ ചെയ്യാൻ കഴിയാതിരുന്ന വിദ്യാർത്ഥികൾക്ക് അഞ്ചാം സെമസ്റ്ററിലേക്ക് രജിസ്റ്റർ ചെയ്യാനുള്ള സൗകര്യവും ഒരുക്കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു. വിദ്യാർത്ഥികൾ അനിശ്ചിതകാല പഠിപ്പുമുടക്ക് സമരം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കോളജ് അധികൃതർ ഉത്തരവിറക്കിയത്.

എന്നാൽ കോളേജ് പുറത്തിറക്കിയ സർക്കുലർ അംഗീകരിക്കാനാകില്ലെന്നും സമരവുമായി മുന്നോട്ടുപോകുമെന്നും വിദ്യാർത്ഥികൾ അറിയിച്ചു. കോളേജിന് മുന്നിൽ വിദ്യാർത്ഥികൾ പ്രതിഷേധം ആരംഭിക്കുകയും അദ്ധ്യാപകരടക്കമുള്ളവരെ തടയുകയും ചെയ്തു. പ്രിൻസിപ്പലും ഡീനും സ്ഥാനമൊഴിയണമെന്നാണ് വിദ്യാർത്ഥികളുടെ പ്രധാന ആവശ്യം. നിയമം മാറ്റിയതുകൊണ്ട് മാത്രം പ്രശ്‌നം പരിഹരിക്കില്ലെന്നും ഇയർ ബാക്കിനെ തുടർന്ന് ആത്മഹത്യ ചെയ്ത മിച്ചി മർപ്പുവിന്റെ മരണത്തിൽ മാനേജ്മെന്റ് ഇതുവരെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ലെന്നും വിദ്യാർത്ഥികൾ ആരോപിച്ചു. മരണത്തിന്റെ ഉത്തരവാദിത്തം മാനേജ്മെന്റ് ഏറ്റെടുക്കുന്നതുവരെ സമരം തുടരുമെന്നും വിദ്യാർത്ഥികൾ വ്യക്തമാക്കി.

മിച്ചിയുടെ മരണത്തിന് പിന്നാലെ മാനേജ്‌മെന്റ് ഉറപ്പുനൽകിയ കാര്യങ്ങൾ രേഖാമൂലം പ്രസിദ്ധീകരിക്കുക, മരിച്ച വിദ്യാർത്ഥിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുക, വിദ്യാർത്ഥികളുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കുക തുടങ്ങിയവ ഉന്നയിച്ചാണ് സമരം തുടരുന്നത്. കോളജിലെ മുഴുവൻ വിദ്യാർത്ഥികളും സമരത്തിന്റെ ഭാഗമാകുമെന്ന് വിദ്യാർത്ഥികൂട്ടായ്മ അറിയിച്ചു. വിഷയങ്ങളിൽ തീരുമാനമാകുന്നതുവരെ കോളജിന്റെ പ്രവർത്തനം സ്തംഭിപ്പിക്കുമെന്നും മിച്ചിക്കുണ്ടായ അനുഭവം മറ്റൊരു വിദ്യാർഥിക്കും ഉണ്ടാകാത്ത സാഹചര്യം ഉറപ്പാക്കണമെന്നും വിദ്യാർഥി കൂട്ടായ്മ ആവശ്യപ്പെട്ടു.

മിച്ചിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം കളമശേരി മെഡിക്കൽ കോളജിൽ പൊതുദർശനത്തിന് വച്ചു. മൃതദേഹം വൈകീട്ട് വിമാന മാർഗം ഡൽഹി വഴി ഇറ്റാനഗറിലേക്ക് കൊണ്ടുപോകും.

English Summary

Students of Mar Athanasius College of Engineering, Kothamangalam, intensified protests following the suicide of second-year student Michi Marpu. Students alleged academic credit requirements and fear of an year-back caused severe mental distress. They demanded management accept responsibility, compensate his family, and address student concerns. Rejecting the management’s assurances, students announced an indefinite strike and demanded the principal and dean resign.
RELATED TOPICS: KOTHAMANGALAM STUDENT SUICIDE, STUDENT PROTEST, MA COLLEGE PROTEST, COLLEGE MANAGEMENT, STUDENT DEATH PROTEST

Read News ⏭️

Back to top button