NEWS

മുത്തങ്ങ സമരം; പൊലീസിന്റെ ക്രൂര പീഡനമേറ്റ മുൻ ഡയറ്റ് അദ്ധ്യാപകന് 12.5 ലക്ഷം നഷ്‌ടപരിഹാരം നൽകാൻ സർക്കാർ ഉത്തരവ്

കെ കെ സുരേന്ദ്രൻ

തിരുവനന്തപുരം: മുത്തങ്ങ സമരത്തിനിടെ പൊലീസ് മർദ്ദനത്തിനിരയായ മുൻ ഡയറ്റ് അദ്ധ്യാപകൻ കെ കെ സുരേന്ദ്രന് 12.5 ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകാൻ ഉത്തരവിറക്കി സർക്കാർ. സമരകാലത്ത് സുരേന്ദ്രന് നേരിടേണ്ടിവന്ന ക്രൂരമായ പൊലീസ് പീഡനങ്ങൾ കണക്കിലെടുത്താണ് നടപടി.

നേരത്തെ, കേസിൽ കെ കെ സുരേന്ദ്രനെ സിബിഐ കുറ്റവിമുക്തനാക്കിയിരുന്നു. നഷ്‌ടപരിഹാരം നൽകാൻ കോടതി ആദ്യം ഉത്തരവിട്ടത് 2021ലാണ്. എന്നാൽ, ഈ വിധിക്കെതിരെ സർക്കാരും രണ്ട് പൊലീസ് ഉദ്യോഗസ്ഥരും അപ്പീൽ നൽകുകയായിരുന്നു. തുടർന്ന് 2026ൽ കൽപ്പറ്റ കോടതി നഷ്‌ടപരിഹാരത്തുക 12.5 ലക്ഷമായി ഉയർത്തി വിധി പ്രസ്‌താവിച്ചു.

കേസിൽ ഇനിയും മേൽക്കോടതികളിൽ അപ്പീലിന് പോകേണ്ടതില്ലെന്ന് മുഖ്യമന്ത്രി നിർദേശം നൽകുകയായിരുന്നു. നഷ്‌ടപരിഹാരത്തുക സർക്കാരിന് സാമ്പത്തിക ബാദ്ധ്യത വരുത്താതെ, മർദ്ദനത്തിന് ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥരിൽ നിന്ന് തന്നെ ഈടാക്കാനും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. നഷ്‌ടപരിഹാര ഉത്തരവ് വരുന്നതിന് മുമ്പുള്ള ദിവസങ്ങളിൽ സുരേന്ദ്രൻ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് തന്റെ അവസ്ഥ ബോദ്ധ്യപ്പെടുത്തിയിരുന്നു.

English Summary

The Kerala government has ordered ₹12.5 lakh in compensation for former DIET teacher KK Surendran, who suffered police brutality during the Muthanga protest. Kalpetta Court increased the compensation in 2026. The Chief Minister decided against further appeals, with the amount to be recovered from the police officers responsible for the assault.
RELATED TOPICS: KK SURENDRAN COMPENSATION, MUTHANGA PROTEST, KERALA GOVERNMENT NEWS, MUTHANGA SAMARAM, POLICE BRUTALITY COMPENSATION KERALA

Read News ⏭️

Back to top button