NEWS
ഇറാന്റെ ‘കപ്പൽപോര്’ രൂക്ഷം, ട്രംപിന്റെ ‘രക്ഷകനാകാൻ’ പുട്ടിൻ, യുഎസിൽ അപൂർവ കടക്കെണി, 2 മാസത്തെ ‘ചീത്തപ്പേര്’ മാറ്റി ഇന്ത്യ

പശ്ചിമേഷ്യയിൽ നിന്നുള്ള ക്രൂഡോയിൽ കയറ്റുമതി തടയാൻ ഹോർമുസിൽ കപ്പൽ യുദ്ധം രൂക്ഷമാക്കി ഇറാൻ. സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് യുഎസ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും എല്ലാ ദിവസവും ഹോർമുസിൽ വാണിജ്യ കപ്പലുകൾക്ക് നേരെ ആക്രമണം നടക്കുകയാണ്. ഒക്ടോബർ നാലിന് അവസാനിച്ച ആഴ്ചയിൽ മാത്രം 11 ടാങ്കറുകളാണ് ഇറാന്റെ പോർമുനയ്ക്ക് ഇരയായത്. ഫെബ്രുവരിയിൽ യുദ്ധം തുടങ്ങിയതിനു ശേഷം ഇത്രയും വാണിജ്യ കപ്പലുകൾ ആക്രമിക്കപ്പെടുന്നത് ആദ്യമാണെന്ന് ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷന്റെ കണക്ക്. രാജ്യാന്തര വ്യാപാര മേഖലയിൽ ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കാവുന്ന നീക്കമാണിത്. ഹോർമുസിൽ വിലക്ക് ലംഘിച്ച് പോകുന്ന കപ്പലുകളെ ഇനിയും ആക്രമിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇടക്കാല തിരഞ്ഞെടുപ്പ് അടുത്തിരിക്കെ രാജ്യത്ത് ഡീസൽ വില പിടിച്ചു നിർത്താൻ റഷ്യൻ പ്രസിഡന്റ് വ്ളാദ്മിർ പുട്ടിനുമായി കരാറിലെത്തി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുഎസ്, രാജ്യാന്തര വിപണികളിലേക്ക് 3 ലക്ഷം ടൺ ഡീസൽ വിതരണം ചെയ്യാൻ പുട്ടിൻ സമ്മതിച്ചതായി ട്രംപ് അറിയിച്ചു. നവംബറിൽ 5 ലക്ഷം ടണ്ണും പിന്നാലെ 10 ലക്ഷം ടണ്ണും വിപണിയിലെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റഷ്യൻ എണ്ണ വാങ്ങുന്നതിൽ ചൈന, ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾക്കെതിരെ 100 ശതമാനം തീരുവ ചുമത്താനുള്ള ബിൽ പാസാക്കിയ സാഹചര്യത്തിൽ കൂടിയാണ് യുഎസിന്റെ നിർണായക നീക്കം. അതേസമയം, യുഎസിന്റെ നീക്കം റഷ്യൻ പ്രസിഡന്റ് പുട്ടിനുള്ള സമ്മാനമാണെന്നും യുക്രെയ്ൻ യുദ്ധം നീളാൻ ഇതു വഴി വെക്കുമെന്നും യുക്രെയ്ൻ പ്രസിഡന്റ് സെലെൻസ്കി ആരോപിച്ചു. ഇതിനു പിന്നാലെ രാജ്യാന്തര ക്രൂഡോയിൽ വിലയും നേരിയ തോതിൽ കുറഞ്ഞിരുന്നു. എന്നാൽ ഐസയാസ് കൊടുങ്കാറ്റിനെ തുടർന്ന് യുഎസ് കമ്പനികൾ അടക്കം 70 ശതമാനത്തോളം ഉൽപാദനം കുറയ്ക്കാൻ തീരുമാനിച്ചതോടെ വില ഉയർന്നു. ബ്രെന്റ് ക്രൂഡോയിൽ ബാരലിന് 104 ഡോളറിനു മുകളിലെത്തി. ഡബ്ല്യുടിഐ 91.85 ഡോളറിലും മർബൻ 110 ഡോളറിലുമാണ് വ്യാപാരം അവസാനിച്ചത്. നിലവിലെ ട്രെൻഡ് തുടർന്നാൽ അടുത്ത ദിവസം വ്യാപാരം തുടങ്ങുമ്പോഴും ക്രൂഡോയിൽ വില വർധിക്കും. ഇത് ഓഹരി വിപണികളെയടക്കം ബാധിക്കാനും സാധ്യത. അമേരിക്കയിൽ കടക്കെണി അതിനിടെ സാമ്പത്തിക മേഖലയിൽ ആശങ്കയായി മറ്റൊരു കണക്ക് കൂടി പുറത്ത്. അമേരിക്കൻ കുടുംബങ്ങളുടെ വായ്പ തിരിച്ചടവ് ശേഷി മൂന്നു വർഷത്തിനിടെ ഗണ്യമായി കുറഞ്ഞതായി കേന്ദ്രബാങ്കായ ഫെഡ് റിസർവിന്റെ കണക്ക്. രാജ്യാന്തര സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം ഇതാദ്യമായാണ് ഇങ്ങനെയൊരു പ്രവണത. 2022നും 2025നും ഇടയിൽ വായ്പ തിരിച്ചടയ്ക്കുന്നതിൽ ഒരു തവണയെങ്കിലും വീഴ്ച വന്നതായി 20 ശതമാനം കുടുംബങ്ങളും പറഞ്ഞു. 2022ലെ സർവേയേക്കാൾ 12 ശതമാനം കൂടുതലാണിത്. 8 ശതമാനം കുടുംബങ്ങളും രണ്ടോ അതിലധികമോ മാസങ്ങളായി വായ്പ തിരിച്ചടച്ചിട്ടില്ല. ഇത്തരക്കാരുടെ എണ്ണം മൂന്നു വർഷത്തിനിടെ 5 ശതമാനം കൂടി. വരുമാനത്തിന്റെ 40 ശതമാനം തുകയും വായ്പാ തിരിച്ചടവിന് ഉപയോഗിക്കുന്ന കുടുംബങ്ങളുടെ എണ്ണം 8.6 ശതമാനമായി കൂടി. 2013നു ശേഷം ഏറ്റവും ഉയർന്ന നിലയാണിത്. ജിയോ ഐപിഒ നിക്ഷേപകർ ഏറെക്കാലമായി കാത്തിരിക്കുന്ന റിലയൻസ് ജിയോ പ്ലാറ്റ്ഫോംസ് പ്രാരംഭ ഓഹരി വിൽപനയുടെ (ഐപിഒ) പ്രൈസ് ബാൻഡ് വിവരങ്ങൾ പുറത്ത്. ഓഹരിയൊന്നിന് 1065-1119 രൂപ വരെയായിരിക്കും വില നിശ്ചയിക്കുകയെന്നാണ് വിവരം. 10.30 ലക്ഷം കോടി രൂപ മൂല്യം കണക്കാക്കി 30,200 കോടി രൂപ സമാഹരിക്കാനാണ് കമ്പനിയുടെ നീക്കം. അങ്ങനെ വന്നാൽ ഇന്ത്യ കണ്ട ഏറ്റവും വലിയ ഐപിഒ ആയിരിക്കും ഇത്. 2024 ഒക്ടോബറിൽ 27,800 കോടി രൂപ സമാഹരിച്ച ഹ്യൂണ്ടായ് ഐപിഒയാണ് നിലവിലെ റെക്കോർഡ്. ഒക്ടോബർ 21 മുതലാണ് ഐപിഒ സബ്സ്ക്രിപ്ഷൻ തുടങ്ങുന്നതെന്നും വിവരം. 28ന് ലിസ്റ്റ് ചെയ്തേക്കും. വിപണിയിൽ കംബാക്ക് ∙അടുത്തകാലത്തെങ്ങും ഉണ്ടാകാത്ത വിധം തിരിച്ചുവരവിന്റെ പാതയിൽ ഇന്ത്യൻ ഓഹരി വിപണി. ഒറ്റദിവസത്തെ മുന്നേറ്റത്തിന്റെ കരുത്തിൽ തിരുത്തിയത് തുടർച്ചയായ എട്ടാമത്തെ ആഴ്ചയും നഷ്ടത്തിലായെന്ന ‘ചീത്തപ്പേര്’. ∙ടാറ്റ കൺസൾട്ടൻസി സർവീസിന്റെ (ടിസിഎസ്) രണ്ടാം പാദ സാമ്പത്തിക ഫലങ്ങൾ പ്രതീക്ഷിച്ചതിനേക്കാൾ മികച്ചതായതും ക്രൂഡോയിൽ വില കുറഞ്ഞത് അടക്കമുള്ള കാര്യങ്ങളുമാണ് വിപണിക്ക് കരുത്തായത്. നവംബർ മൂന്നിനു മുൻപ് ഇറാനെ ആക്രമിക്കില്ലെന്നും ചർച്ച തുടരുമെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞതോടെ ക്രൂഡോയിൽ വില കുറഞ്ഞതും വിപണിക്ക് ആശ്വാസമായി. ∙എല്ലാ മേഖലകളിലും വാങ്ങൽ നടന്നു. എന്നാൽ ഇപ്പോഴുണ്ടായിരിക്കുന്നത് ആശ്വാസ റാലി മാത്രമാണെന്നും സൂചികകൾ പ്രതിരോധ ലെവലിനു മുകളിൽ തുടർന്നാൽ മാത്രമേ വിപണിയുടെ തിരിച്ചു വരവാണെന്ന് പറയാൻ കഴിയൂ എന്നുമാണ് വിദഗ്ധ വിലയിരുത്തൽ. ∙ഇതോടെ നിഫ്റ്റി 1.3 ശതമാനം കയറി 22,540.45ലെത്തി. 1.23 ശഥമാനം മുന്നേറിയ സെൻസെക്സ് 72,472.33ലും ക്ലോസ് ചെയ്തു. ബാങ്ക് നിഫ്റ്റി 1.36 ശതമാനം മുന്നേറി 55,256.65ലും വ്യാപാരം അവസാനിപ്പിച്ചു. ∙ആഴ്ച കണക്കെടുത്താൽ നിഫ്റ്റി 0.44 ശതമാനവും സെൻസെക്സ് 0.8 ശതമാനവും നേട്ടമുണ്ടാക്കി. തുടർച്ചയായ എട്ട് ആഴ്ചകളിൽ നഷ്ടം രേഖപ്പെടുത്തിയതിനു ശേഷമാണിതെന്നും ഓർക്കണം. ∙നയിച്ചത് ഐടി ടിസിഎസ് ഓഹരികൾ അഞ്ച് ശതമാനത്തിനു മുകളിൽ കുതിച്ചതോടെ ഐടി മേഖലയാകെ മുന്നേറ്റത്തിലായി. സെപ്റ്റംബറിൽ അവസാനിച്ച പാദത്തിൽ കമ്പനിയുടെ ലാഭം 15 ശതമാനം വർധിച്ചെന്ന റിപ്പോർട്ടാണ് നിർണായകമായത്. നിഫ്റ്റി ഐടി സൂചിക 3 ശതമാനത്തിനു മുകളിൽ നേട്ടമുണ്ടാക്കി. ഐടി കമ്പനികളെ ഗ്രീൻ കാർഡ് സൗകര്യത്തിൽ നിന്ന് പുറത്താക്കിയ യുഎസ് നടപടിയും വിപണിയിൽ ഏശിയില്ല. അതേസമയം, ജീവനക്കാരുടെ വീസ സംബന്ധിച്ച പ്രതിസന്ധി നിലനിൽക്കുന്നത് അടുത്ത ദിവസങ്ങളിൽ ഐടി ഓഹരികളിൽ തിരിച്ചടിയായേക്കാമെന്നും വിലയിരുത്തലുണ്ട്. ∙എഫ്എംസിജി, ബാങ്കിങ്, ഓട്ടോ, കൺസ്യൂമർ ഡ്യൂറബിൾസ്, മീഡിയ എന്നിവയെല്ലാം മുന്നേറി. നിഫ്റ്റി ഓയിൽ ആൻഡ് ഗ്യാസ് മാത്രമാണ് ട്രെൻഡിൽ നിന്ന് മാറി നിന്നത്. ∙യുഎസിലും മുന്നേറ്റം ക്രൂഡോയിൽ വിലയും ബോണ്ട് യീൽഡും ഉയർന്നതോടെ ചാഞ്ചാട്ടത്തിലായ അമേരിക്കൻ വിപണിയും കഴിഞ്ഞ ദിവസം നേട്ടത്തിലാണ് അവസാനിച്ചത്. നാസ്ഡാക് 0.64 ശതമാനം മുന്നേറി. എസ് ആൻഡ് പി 0.59 ശതമാനവും ഡോ സൂചിക 0.83 ശതമാനവും നേട്ടമുണ്ടാക്കി. അമേരിക്കൻ, യൂറോപ്യൻ വിപണികളിൽ ഡീസൽ വിതരണം ചെയ്യാൻ റഷ്യയുമായി ട്രംപ് കരാറിലെത്തിയതോടെയാണ് സൂചികകൾ കുതിച്ചത്. കൂടുതൽ സ്പെക്ട്രം വാങ്ങുമെന്ന് പ്രഖ്യാപിച്ചതോടെ ഇലോൺ മസ്കിന്റെ സ്പേയ്സ് എക്സ് കമ്പനിയും ഇന്നലെ മുന്നേറ്റമുണ്ടാക്കി .അടുത്ത ആഴ്ചകളിൽ പ്രമുഖ ബാങ്കുകളും കമ്പനികളും സാമ്പത്തിക ഫലങ്ങൾ പുറത്തു വിടുന്നത് അമേരിക്കൻ വിപണിയിൽ നിർണായകമാകും.
Fashion ⏭️




