NEWS

ഭീതിയുടെ വെടിപൊട്ടിച്ച് കെവിൻ; തീപിടിച്ച് ഡോളറും ബോണ്ടും, തകർന്നടിഞ്ഞ് സ്വർണവില, വില്ലൻ പണപ്പെരുപ്പം തന്നെ


പ്രതീക്ഷിച്ചതുപോലെ ഭീതിയുടെ വെടിപൊട്ടിച്ച് യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ ചെയർമാൻ കെവിൻ വാർഷ്. തന്റെ ആദ്യ ‘ജാക്സൺ ഹോൾ സിംപോസിയം’ പ്രഭാഷണത്തിൽ പണപ്പെരുപ്പം തന്നെയാണ് പ്രധാന വില്ലനെന്നും അടിസ്ഥാന പലിശനിരക്ക് കൂട്ടുന്ന നടപടിയിലേക്കാണ് ഫെഡറൽ റിസർവ് നീങ്ങുന്നതെന്നും കെവിൻ സൂചിപ്പിച്ചതോടെ ഡോളറും ബോണ്ട് യീൽഡും തീപിടിച്ചു മുന്നേറി; സ്വർണവില കൂപ്പുകുത്തി. യുഎസ് ഓഹരി വിപണികളും ചുവന്നു.കേന്ദ്ര ബാങ്ക് മേധാവികളും സാമ്പത്തിക വിദഗ്ധരും ഉൾപ്പെടെ ലോകമെമ്പാടുനിന്നും പ്രമുഖർ പങ്കെടുക്കുന്ന വാർഷിക പ്രഭാഷണ വേദിയാണ് ജാക്സൺ ഹോൾ സിംപോസിയം. നിയന്ത്രണാതീതമായി ഉയരുന്ന വിലക്കയറ്റത്തെ (പണപ്പെരുപ്പം) പിടിച്ചുകെട്ടുക തന്നെയാണ് ഫെഡറൽ റിസർവിന്റെ പ്രധാന ദൗത്യമെന്ന് യുഎസ് പ്രസിഡന്റ് ട്രംപിന്റെ വിശ്വസ്തൻ കൂടിയായ  കെവിൻ വാർഷ് പറഞ്ഞു.ഡോളറും ബോണ്ടും മുന്നേറിയതോടെ സ്വർണവില ഇടിഞ്ഞു. സ്വർണം വാങ്ങുന്നത് സാമ്പത്തിക ചെലവേറിയതാകുമെന്നതാണ് ഒരു കാരണം. മറ്റൊന്ന്, ബോണ്ട് യീൽഡ് കുതിക്കുന്നതിനാൽ, ബോണ്ടിൽ നിക്ഷേപിച്ച് വലിയതോതിൽ നേട്ടം കൊയ്യാമെന്ന നിക്ഷേപകരുടെ വിലയിരുത്തലാണ്. നിക്ഷേപകർ സ്വർണം വിറ്റൊഴിഞ്ഞ് പണം ബോണ്ടിലേക്ക് ഒഴുക്കാനും തുടങ്ങി.


Fashion ⏭️

Back to top button