‘എസ്എഫ്ഐക്കാർക്ക് മഹാബലി ആരെന്നുപോലും അറിയില്ല, ജെൻസികളെ പാറ്റകളെന്ന് വിളിക്കരുത്’; പ്രതികരിച്ച് കേരള വിസി മോഹൻ കുന്നുമ്മേൽ

മോഹൻ കുന്നുമ്മേൽ
തിരുവനന്തപുരം: തന്നെ മഹാബലിയായി ചിത്രീകരിച്ച് സർവകലാശാലയ്ക്ക് മുന്നിൽ എസ്എഫ്ഐ നടത്തിയ സമരത്തെ പരിഹസിച്ച് കേരള സർവകലാശാല വൈസ് ചാൻസലർ (വിസി) മോഹൻ കുന്നുമ്മേൽ. തന്നെ മഹാബലിയായി ചിത്രീകരിച്ചത് അംഗീകാരമായി കാണുന്നു. നന്മകൾ മാത്രം ചെയ്ത മഹാനായ ചക്രവർത്തിയാണ് മഹാബലി. അദ്ദേഹം ആരെന്നുപോലും അറിയാതെയാണ് എസ്എഫ്ഐ ഇങ്ങനെ ചെയ്തത് എന്നായിരുന്നു വിസിയുടെ പ്രതികരണം. ഒരു സ്വകാര്യ ചാനലിനോട് സംസാരിക്കെ മറ്റുചില വിവാദ വിഷയങ്ങളിലും അദ്ദേഹം പ്രതികരിച്ചു.
അമ്മയെ അറിയാത്തവരാണ് വന്ദേമാതരത്തെ എതിർക്കുന്നതെന്ന പരാമർശത്തിൽ തന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. താൻ ഉദ്ദേശിച്ചത് ഭൂമിയെ വണങ്ങുന്ന കാര്യമാണ്. തനിക്ക് സംഘിമുദ്ര ചാർത്തിത്തരുന്നത് ചില ലക്ഷ്യങ്ങളോടെണ്. ആർഎസ്എസ് ആശയങ്ങളിൽ വിശ്വസിക്കുന്നവരാണ് രാജ്യം ഭരിക്കുന്നതുതന്നെ. അവർക്ക് മോഹൻ കുന്നുമ്മേലിന്റെ ആവശ്യമില്ല. വിസി ചെയ്യേണ്ട കാര്യങ്ങൾ മാത്രമേ താൻ ചെയ്യുന്നുള്ളൂ. തനിക്ക് സംഘിമുദ്ര ചാർത്തുന്നത് ചില ലക്ഷ്യങ്ങളോടെയാണെന്നും അദ്ദേഹം പറഞ്ഞു.
സിജെപിയുടെ സമരത്തെ ഒരിക്കലും താൻ ആക്ഷേപിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ‘അവരെ പാറ്റകളെന്ന് വിളിക്കരുതെന്നാണ് എന്റെ അഭിപ്രായം. ചില വിദേശ ശക്തികൾ ജെൻസികളെ ബോധപൂർവം പാറ്റകളാക്കുന്നു. അവരെ മയക്കുമരുന്നിന് അടിമകളാക്കി നശിപ്പിക്കാൻ ശ്രമിക്കുന്നു. ഇതിനെ ചെറുത്തില്ലെങ്കിൽ ഞാൻ എങ്ങനെ ഒരു വിസിയാകും’- എന്നായിരുന്നു മോഹൻ കുന്നുമ്മേൽ ചോദിച്ചത്.
English Summary
The Kerala University Vice Chancellor, Mohan Kunnummel, mocked the SFI protest held in front of the university, where the protesters portrayed him as Mahabali.
RELATED TOPICS: KERALA UNIVERSITY, SFI PROTEST, MAHABALI PROTEST, VICE CHANCELLOR KERALA UNIVERSITY, SFI MAHABALI SAMARAM
Read News ⏭️


