NEWS

ലഹരി വേട്ടയ്ക്ക് വീര്യം കൂടും; കേരളത്തിന് പ്രത്യേക നർകോട്ടിക് കൺ‌ട്രോൾ ബ്യൂറോ


കൊല്ലം ∙ ലഹരിമാഫിയയുടെ വേരറുക്കാൻ കേരള പൊലീസിന്റെ കീഴിൽ നർകോട്ടിക് കൺട്രോൾ ബ്യൂറോ എന്ന പുതിയ ഡിവിഷൻ തുടങ്ങാൻ പൊലീസ് ഉന്നതതല നിർദേശം. ഇതു സംബന്ധിച്ചു പഠിച്ചു റിപ്പോർട്ട് നൽകാൻ ഇന്റലിജൻസ് വിഭാഗം മേധാവി ദിനേന്ദ്ര കശ്യപിന്റെ നേതൃത്വത്തിലുള്ള സമിതിയെ ഡിജിപി നിയോഗിച്ചു.ലഹരിക്കേസുകൾ അന്വേഷിക്കാൻ നിലവിൽ ജില്ലകളിൽ നർകോട്ടിക് വിഭാഗത്തിന് ഒരു ഡിവൈഎസ്പിയാണുള്ളത്. മൂന്നോ നാലോ സിവിൽ പൊലീസ് ഓഫിസർമാരും ഉൾപ്പെടുന്ന ഇൗ വിഭാഗത്തെ മറ്റു ജോലികളും ഏൽപിക്കുക പതിവാണ്. പുതിയ സംവിധാനത്തിൽ നർകോട്ടിക് വിഭാഗത്തിന് എഡിജിപിയും ഐജിയും എസ്പിമാരും ഉൾപ്പെടുന്ന വിപുലമായ സംവിധാനമാണ് ആലോചിക്കുന്നത്. കേസെടുക്കാൻ അധികാരമുള്ള നർകോട്ടിക് സ്റ്റേഷനുകളും വരും. ഓരോ ചെറിയ ലഹരിക്കേസിലും വിശദമായ അന്വേഷണം നടത്തി ഉറവിടം കണ്ടെത്തിയാൽ മാത്രമേ ലഹരിയുടെ വല മുറിക്കാൻ കഴിയൂ എന്നും ഇതിനായി ലഹരിക്കേസ് മാത്രം അന്വേഷിക്കുന്ന പ്രത്യേക ഡിവിഷൻ വേണമെന്നുമാണു ശുപാർശ. മലയാള മനോരമ കഴിഞ്ഞ ദിവസങ്ങളിൽ പ്രസിദ്ധീകരിച്ച പരമ്പരയിലും ഇതുസംബന്ധിച്ച നിർദേശമുയർന്നിരുന്നു.


Fashion ⏭️

Back to top button