ജുറാസിക് വേൾഡിനെ പിന്നിലാക്കി ക്രിസ്റ്റഫർ നോളന്റെ ‘ദി ഒഡീസി’: സ്വന്തമാക്കിയത് ചരിത്രത്തിലെ ഏറ്റവും വലിയ കളക്ഷൻ

ദി ഒഡീസി
ആഗോള ബോക്സ് ഓഫീസിൽ പുതിയ റെക്കോർഡ് സ്വന്തമാക്കി വിഖ്യാത സംവിധായകൻ ക്രിസ്റ്റഫർ നോളന്റെ ഏറ്റവും പുതിയ ചിത്രമായ ‘ദി ഒഡീസി’. യൂണിവേഴ്സൽ പിക്ചേഴ്സിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രമെന്ന നേട്ടമാണ് ദി ഒഡീസി സ്വന്തമാക്കിയിരിക്കുന്നത്. ഇതോടെ 2015ൽ പുറത്തിറങ്ങിയ ‘ജുറാസിക് വേൾഡിനെയാണ് ചിത്രം മറികടന്നത്.
ചിത്രം ആഭ്യന്തരവിപണിയിൽ 601.2 ദശലക്ഷം ഡോളർ കളക്ഷൻ നേടിയപ്പോൾ ആഗോളതലത്തിൽ 1.684 ബില്യൺ ഡോളർ കളക്ഷൻ നേടിയതായാണ് റിപ്പോർട്ട്. 1.67 ബില്യൺ ഡോളറായിരുന്നു ജുറാസിക് വേൾഡിന്റെ ആഗോള കളക്ഷൻ. ഓസ്കർ ചിത്രം ‘ഓപ്പൺഹൈമറി’ന് ശേഷം ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്ത ചിത്രമാണ് ‘ദി ഒഡീസി’. പൂർണമായും ഐമാക്സ് ഫിലിം ക്യാമറകളിൽ ചിത്രീകരിച്ച ആദ്യത്തെ വാണിജ്യ ചിത്രംകൂടിയാണിത്.
ആഗോള ബോക്സ് ഓഫീസ് ചരിത്രത്തിലും വലിയ നേട്ടമാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. നിലവിൽ എക്കാലത്തെയും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളുടെ പട്ടികയിൽ 12-ാം സ്ഥാനത്താണ് ‘ദി ഒഡീസി’. യൂണിവേഴ്സൽ പിക്ചേർഴ്സിന്റെ മുൻ റെക്കോർഡുകൾ മറികടന്ന് ചിത്രം സ്വന്തമാക്കിയ നേട്ടം ക്രിസ്റ്റഫർ നോളന്റെ കരിയറിലെയും എക്കാലത്തെയും ബോക്സ് ഓഫീസ് വിജയങ്ങളിലൊന്നായി മാറിയിരിക്കുകയാണ്.
ഹോമറിന്റെ ഇതിഹാസ ഗ്രീക്ക് പുരാണമായ ഒഡീസിയെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയത്. ട്രോജൻ യുദ്ധത്തിനുശേഷം ഭാര്യ പെനലോപ്പിനടുത്തേക്ക് പോകുന്ന ഇത്താക്കയിലെ രാജാവ് ഒഡീഷ്യസിന്റെ ക്ലാസിക് കഥയാണ് ഒഡീസി. നോളന്റെ എപ്പിക് ആക്ഷൻ ഫാന്റസിയിൽ നടൻ മാറ്റ് ഡാമണാണ് നിത്യനായകനായ ഒഡീഷ്യസായി വേഷമിട്ടത്. ടോം ഹോളണ്ട്, ആനി ഹാത്ത്വേ, ജോൺ ബെർന്താൽ, സെൻഡായ, ലുപിറ്റ ന്യോങ്കോ, റോബർട്ട് പാറ്റിൻസൺ, ചാർലിസ് തെറോൺ, മിയ ഗോത്ത്, എലിയറ്റ് പേജ് എന്നിവരും ചിത്രത്തിലുണ്ട്.
English Summary
Christopher Nolan’s latest film, “The Odyssey,” has set a new global box-office record for Universal Pictures, surpassing “Jurassic World” (2015). The film has reportedly earned $1.684 billion worldwide. It is Nolan’s first film after the Oscar-winning “Oppenheimer” and the first commercial movie to be shot entirely using IMAX film cameras.
RELATED TOPICS: THE ODYSSEY, JURASSIC WORLD, ODYSSEY BOX OFFICE, UNIVERSAL STUDIOS MOVIES, CRISTOPHER NOLAN
Business ⏭️


