NEWS
ദമ്പതികളുടെ കൊലപാതകം: വിരലടയാളത്തിന്റെ വിവരങ്ങൾ ക്രൈംബ്രാഞ്ചിന് കൈമാറണം, യുഐഡിഎഐക്ക് ഹൈക്കോടതി നിർദേശം

കൊച്ചി ∙ പാലക്കാട് ശ്രീകൃഷ്ണപുരത്ത് ദമ്പതികളെ കൊലപ്പെടുത്തിയ കേസിലെ മറ്റ് പ്രതികളെ കണ്ടെത്തുന്നതിനായി സംശയിക്കപ്പെടുന്നവരുടെ വിരലടയാളങ്ങൾ ആധാർ ഡാറ്റാബേസുമായി ഒത്തുനോക്കി വിവരങ്ങൾ ക്രൈംബ്രാഞ്ചിന് കൈമാറാൻ യുഐഡിഎഐക്ക് ഹൈക്കോടതി നിർദേശം. 2016 നവംബർ 14ന് രാത്രിയിലാണ് ശ്രീകൃഷ്ണപുരം കണ്ണുകുറിശ്ശിയിലെ വസതിയിൽ വച്ച് ഗോപാലകൃഷ്ണൻ (രാജൻ), ഭാര്യ അമ്മിണിക്കുട്ടി (തങ്കമണി) എന്നിവർ ദാരുണമായി കൊല്ലപ്പെട്ടത്.മൂന്ന് പവൻ സ്വർണവും 4000 രൂപയും കവരുന്നതിനായിരുന്നു കൊലപാതകം. കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച്, സംഭവസ്ഥലത്തുനിന്ന് ലഭിച്ച വിരലടയാളം ഒത്തുനോക്കി രാജേന്ദ്രൻ എന്നൊരാളെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ, ഇയാൾക്കൊപ്പമുണ്ടായിരുന്ന മറ്റു പ്രതികളെ കണ്ടെത്താൻ കഴിഞ്ഞില്ല. ആയിരത്തിലധികം ആളുകളുടെ വിരലടയാളങ്ങൾ പരിശോധിച്ചിട്ടും ഫലം കാണാത്തതിനെ തുടർന്നാണ് ആധാർ ഡാറ്റാബേസിന്റെ സഹായം തേടാൻ അന്വേഷണസംഘം യുഐഡിഎഐയെ സമീപിച്ചത്. എന്നാൽ ഈ ആവശ്യം നിരസിക്കപ്പെട്ടതോടെ ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.തുടർന്ന്, തമിഴ്നാട്ടിലെ കോയമ്പത്തൂർ ജില്ലയിലെ ആധാർ ഡേറ്റാബേസുമായി ക്രൈംബ്രാഞ്ച് നൽകുന്ന വിരലടയാള ബൈനറി വിവരങ്ങൾ ഒത്തുനോക്കാനും ചേർച്ചയുള്ളവരുടെ വിവരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥന് കൈമാറാനും കോടതി യുഐഡിഎഐക്ക് നിർദേശം നൽകി. അപൂർവവും പ്രത്യേകവുമായ കേസാണിതെന്നും ഇത് ഭാവിയിലെ മറ്റ് കേസുകൾക്ക് കീഴ്വഴക്കമായി ചൂണ്ടിക്കാണിക്കാൻ കഴിയില്ലെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
Fashion ⏭️




