NEWS

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ജാഗ്രതാ നിർദ്ദേശം

ശക്തമായ മഴയെത്തുടർന്ന് നിറഞ്ഞൊഴുകുന്ന പുഴയിലൂടെ ഒഴുകിയെത്തുന്ന തേങ്ങകൾ മുളയിയിൽ വലകെട്ടി കോരിയെടുക്കുന്ന കാഴ്ച. കോതമംഗലം കോഴിപ്പിള്ളി പാലത്തിൽ നിന്ന്. ഫോട്ടോ: എൻ.ആർ.സുധർമ്മദാസ്

കൊച്ചി: സംസ്ഥാനത്ത് മഴ ശക്തമാകുന്ന പശ്ചാത്തലത്തിൽ വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം. വടക്കൻ കേരളത്തിൽ ഇന്നും നാളെയും മഴ കനക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. മൂന്ന് ജില്ലകളിൽ റെഡ് അലർട്ടാണ് നൽകിയിരിക്കുന്നത്. വയനാട്, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലാണ് റെഡ് അലർട്ട് നൽകിയിരിക്കുന്നത്. ഈ മൂന്ന് ജില്ലകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണ്.

റെഡ് അലർട്ടിന്റെ പശ്ചാത്തലത്തിൽ വയനാട് ജില്ലയിലെ മതപഠന ക്ലാസുകൾ, ട്യൂഷൻ സെന്ററുകൾ, സ്‌പെഷ്യൽ ക്ലാസുകൾ എന്നിവയ്ക്ക് ജില്ലാ കളക്ടർ വി. ചെൽസസിനി അവധി പ്രഖ്യാപിച്ചു. മലപ്പുറം ജില്ലയിലെ അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, പാരലൽ കോളേജുകൾ, മറ്റ് കോച്ചിംഗ് സെന്ററുകൾ എന്നിവയുൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽ അവധി നൽകി ഉത്തരവിട്ടു. എന്നാൽ മുൻകൂട്ടി നിശ്ചയിച്ച സർവകലാശാലാ, പൊതുപരീക്ഷകൾക്കും റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഹോസ്റ്റലുകൾക്കും ഈ അവധി ബാധകമല്ല.

ശക്തമായ മഴയും കാറ്റും തുടരുന്നതിനാൽ കോഴിക്കോട് ജില്ലയിലെ അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, പാരലൽ കോളേജുകൾ, മറ്റ് കോച്ചിങ് സെന്ററുകൾ എന്നിവയുൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ എം.എസ്. മാധവിക്കുട്ടി അവധി പ്രഖ്യാപിച്ചു. ഹോസ്റ്റലുകൾക്കും റസിഡൻഷ്യൽ സ്ഥാപനങ്ങൾക്കും അവധി ബാധകമല്ല.

തെക്കൻ അറബിക്കടലിൽ കേരള തീരത്തോട് ചേർന്നുള്ള ന്യൂനമർദവും ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദവുമാണ് സംസ്ഥാനത്ത് മഴ ശക്തമാകാൻ കാരണം. തിങ്കളാഴ്ച പാലക്കാട്, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസർകോട് മുതൽ തൃശ്ശൂർ വരെയുള്ള ഏഴ് ജില്ലകളിൽ അതിശക്തമായ മഴ കണക്കിലെടുത്ത് ഓറഞ്ച് അലർട്ട് നിലനിൽക്കുന്നു.

കോഴിക്കോട്, വയനാട് ജില്ലകളിൽ ശനിയാഴ്ച വൈകുന്നേരം മുതൽ ശക്തമായ മഴ തുടരുകയാണ്. കോഴിക്കോട് ജില്ലയുടെ മലയോര മേഖലകളിൽ കനത്ത മഴയുള്ളതിനാൽ ജില്ലാ ഭരണകൂടം ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. മലയോര മേഖലകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരം തടയുകയും കോഴിക്കോട് ബീച്ചിലേക്കുള്ള സഞ്ചാരികളുടെ വരവ് നിയന്ത്രിക്കുകയും ചെയ്തിട്ടുണ്ട്.

RELATED TOPICS: KERALA RAIN ALERT, KERALA SCHOOL HOLIDAY, HEAVY RAIN KERALA, DISTRICT WISE HOLIDAY, KERALA WEATHER UPDATE

Read News ⏭️

Back to top button