NEWS
മുറികളിൽ പുഴവന്നു നിറയുന്നതോ ‘റൂം ഫോര്‍ ദ് റിവര്‍’? എവിടെ നെതര്‍ലൻഡ്സ് മാതൃക

തിരുവനന്തപുരം∙ കനത്ത മഴയില്‍ 2018ലെ പ്രളയസമാനമായ അവസ്ഥയില്‍ നാടു മുങ്ങുമ്പോള്‍ സംസ്ഥാനത്താകെ ഉയരുന്ന പ്രധാനപ്പെട്ട ചോദ്യമാണ് എവിടെപ്പോയി മുന്‍മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ച ‘റൂം ഫോര്‍ ദ് റിവര്‍’ എന്ന ഡച്ച് മാതൃകയിലുള്ള പദ്ധതി? പമ്പാനദി ഉള്‍പ്പെടെ കവിഞ്ഞൊഴുകി വീടുകളുടെ എല്ലാ മുറികളിലും വെള്ളം നിറയുന്നതാണോ മുന്‍സര്‍ക്കാര്‍ വലിയ പ്രാധാന്യത്തോടെ പ്രഖ്യാപിച്ച പദ്ധതിയെന്നാണ് റാന്നിയിലും കുട്ടനാട്ടിലുമുള്ളവര്‍ ചോദിക്കുന്നത്. 2018ലെ മഹാപ്രളയം കഴിഞ്ഞ് ഒരു വര്‍ഷം പിന്നിട്ടപ്പോഴാണ് മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നെതര്‍ലൻഡ്സിലെ വെള്ളക്കെട്ട് നിയന്ത്രണ മാതൃകയെ പ്രകീര്‍ത്തിക്കുകയും കേരളത്തില്‍ ഇത് നടപ്പാക്കാമെന്ന് അഭിപ്രായപ്പെടുകയും ചെയ്തത്. എന്നാല്‍ ഏഴു വര്‍ഷത്തിനിപ്പുറവും കേരളം സമാനമായ ദുരിതം നേരിടുമ്പോഴും ഒരു പദ്ധതിയും രക്ഷയ്‌ക്കെത്തുന്നില്ല. രണ്ടു വകുപ്പുകള്‍ തമ്മിലുള്ള തര്‍ക്കത്തില്‍പെട്ട പദ്ധതി ഇപ്പോഴും കടലാസില്‍ തന്നെ ഒതുങ്ങുകയാണ്. ജലമൊഴുക്കാന്‍ തോടുകളും കനാലുകളും നിര്‍മിക്കുന്നതിനു കേരള എന്‍ജിനീയറിങ് റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സഹായത്തോടെ സാധ്യതാ പഠനം/സര്‍വേ നടത്താന്‍ ജലസേചന വകുപ്പ് എസ്റ്റിമേറ്റ് തയാറാക്കി നല്‍കിയെങ്കിലും റീബില്‍ഡ് കേരള പദ്ധതി അധികൃതര്‍ 6 മാസം മുന്‍പ് ഭരണാനുമതി നിഷേധിച്ചതോടെ പദ്ധതി നിര്‍ജീവമായി. സമാനമായ സര്‍വേ തദ്ദേശവകുപ്പും നടത്തുന്നുണ്ടെന്നതാണ് സര്‍വേയ്ക്ക് അനുമതി നിഷേധിക്കപ്പെടാന്‍ കാരണം. എന്നാല്‍ തദ്ദേശവകുപ്പിന്റെ പഠനം എവിടെ എത്തിയെന്നതിൽ വ്യക്തതയില്ല.ഐഐടിയുടെ അന്തിമറിപ്പോര്‍ട്ട് പ്രകാരം കോരംകുഴി തോടിനു സമാന്തരമായ ഒരു പുതിയ ചാനലും പമ്പാനദിയില്‍ വീയപുരത്തിനും തോട്ടപ്പള്ളിക്കും മധ്യേ ഒരു പുതിയ ചാനലും നിര്‍മിക്കണം. കോരംകുഴി തോടിന്റെയും തോട്ടപ്പള്ളി സ്പില്‍വേയിലേക്കുള്ള ലീഡിങ് ചാനലിന്റെയും വീതി കൂട്ടണം. ഫ്‌ളഡ് റഗുലേറ്ററുകള്‍ നിര്‍മിക്കണമെന്നും അവര്‍ ശുപാര്‍ശ ചെയ്തിരുന്നു. ഫ്‌ളഡ് റഗുലേറ്ററുകളുടെ നിര്‍മാണം മൂലം അപ്‌സ്ട്രീം മേഖലയില്‍ പരിസ്ഥിതി പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ അതേക്കുറിച്ചു വിശദമായ പഠനം വേണമെന്ന് ജലസേചന വകുപ്പ് വ്യക്തമാക്കി. തുടര്‍ന്ന് പഠനത്തിനായി ഇറിഗേഷന്‍ വകുപ്പിനു കീഴിയുള്ള കേരള എന്‍ജിനീയറിങ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിനെ നിയോഗിച്ചു.
Fashion ⏭️


