വരുംമണിക്കൂറുകളിൽ സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മിന്നൽ പ്രളയത്തിന് സാദ്ധ്യത, ജാഗ്രതാ നിർദ്ദേശം

കനത്ത മഴയെത്തുടർന്നു മീനച്ചിലാർ കരകവിഞ്ഞപ്പോൾ ഫോട്ടോ: ശ്രീകുമാർ ആലപ്ര
തിരുവനന്തപുരം: സംസ്ഥാനത്ത് വരുംമണിക്കൂറുകളിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട് പ്രദേശങ്ങളിൽ മിന്നൽ പ്രളയത്തിന് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കേരളത്തിൽ തീവ്രമഴ തുടരുന്ന പശ്ചാത്തലത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പിൽ പറയുന്നു.
ഇന്ന് തീവ്രമഴ കണക്കിലെടുത്ത് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം കോഴിക്കോട്, വയനാട്, കണ്ണൂർ കാസർകോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്ത മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 എംഎം മുതൽ 204.4 എംഎം വരെ മഴ ലഭിക്കുമെന്നാണ് അതിശക്ത മഴ കൊണ്ട് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അർത്ഥമാക്കുന്നത്. ഇടിമിന്നലോട് കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. തിങ്കളാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
തെക്കൻ ഗുജറാത്ത് തീരം മുതൽ വടക്കൻ കേരളതീരം വരെ നിലനിൽക്കുന്ന തീരദേശ ന്യൂനമർദ്ദ പാത്തിയും വടക്കൻ കർണാടകയിൽ നിന്ന് കന്യാകുമാരി വരെ , തെക്കൻ കർണാടക, കേരളം , തമിഴ്നാട് വഴി ന്യൂനമർദ്ദപാത്തിയുമാണ് കേരളത്തിൽ ശക്തമായ മഴയ്ക്കുള്ള കാരണങ്ങൾ. മദ്ധ്യ രാജസ്ഥാന് മുകളിലായി ചക്രവാതച്ചുഴിയും സ്ഥിതി ചെയ്യുന്നുണ്ട്. ഇതിന്റെയെല്ലാം സ്വാധീന ഫലമായി വ്യാഴാഴ്ച വരെ ശക്തമായ മഴയാണ് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നത്.
RELATED TOPICS: KERALA, KERALA FLASH FLOOD, FLASH FLOOD WARNING, KERALA WEATHER REPORT, IMD KERALA
Read News ⏭️

