NEWS
ഇടത് സംഘടനാ നേതാക്കൾക്ക് സ്ഥലംമാറ്റം: പ്രസിഡന്റിന് 5 ദിവസത്തിൽ 3 മാറ്റം, സെക്രട്ടറി സെക്രട്ടേറിയറ്റിനു പുറത്തേക്ക്

തിരുവനന്തപുരം∙ സെക്രട്ടേറിയറ്റിലെ സിപിഎം അനുകൂല സംഘടനയുടെ ജനറൽ സെക്രട്ടറിയെ സെക്രട്ടേറിയറ്റിനു പുറത്തേക്കു സ്ഥലം മാറ്റിയതിൽ പ്രതിഷേധവുമായി സിപിഎം. കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറിയും പൊതുഭരണവകുപ്പിൽ അണ്ടർ സെക്രട്ടറിയുമായ എസ്.എസ്.ദീപുവിനെ ഹോമിയോപ്പതി ഡയറക്ടറേറ്റിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ തസ്തികയിലേക്കാണു മാറ്റിയത്.സെക്രട്ടേറിയറ്റിലെ അംഗീകൃത സർവീസ് സംഘടനകളുടെ ജനറൽ സെക്രട്ടറി, പ്രസിഡന്റ് എന്നിവരെ സെക്രട്ടേറിയറ്റിൽ തന്നെ നിയമിക്കണമെന്ന 2022 ഏപ്രിലിലെ സർക്കാർ ഉത്തരവിന്റെ ലംഘനമാണിതെന്നാണ് ആരോപണം. ‘ കൊടുത്താൽ കൊല്ലത്തും കിട്ടും’, ‘പണി പണിയായിട്ട് അങ്ങു തിരിച്ചുതരും’ എന്നിങ്ങനെ സ്ഥലംമാറ്റത്തിന് ഇടപെട്ടവരെ ഭീഷണിപ്പെടുത്തുന്ന പരാമർശങ്ങളുമായി അസോസിയേഷൻ നോട്ടിസ് പുറത്തിറക്കി. സ്ഥലംമാറ്റ നടപടിക്കെതിരെ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി.ജയരാജൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് നിഷ ജാസ്മിനെ 5 ദിവസത്തിനുള്ളിൽ സെക്രട്ടേറിയറ്റിനുള്ളിൽതന്നെ മൂന്നിടത്തേക്കു സ്ഥലംമാറ്റിയിരുന്നു.
Fashion ⏭️


