NEWS

സി.ബി.എസ്.ഇ പുനർമൂല്യനിർണയം; ഹർജി തള്ളി

ന്യൂഡൽഹി: ഓൺ-സ്ക്രീൻ മാർക്കിംഗ് (ഒ.എസ്.എം) പരിഷ്‌കാരത്തിൽ പരാതിയുള്ള വിദ്യാർത്ഥികൾക്കായി 12-ാം ക്ലാസ് ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണ്ണയത്തിനായി സി.ബി.എസ്.ഇ പോർട്ടൽ വീണ്ടും തുറക്കാൻ നിർദ്ദേശിക്കണമെന്ന ഹർജി തള്ളി സുപ്രീം കോടതി.

നിശ്ചിത കാലയളവിൽ വിദ്യാർത്ഥികൾക്ക് അവസരം ലഭിച്ചെന്നും വീണ്ടും തുറക്കുന്നത് പുതിയ അവകാശവാദങ്ങൾക്ക് കാരണമാകുമെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.

പോർട്ടൽ വീണ്ടും തുറക്കാൻ ആവശ്യമായ എന്തു സാഹചര്യമാണുള്ളതെന്ന് കോടതി ചോദിച്ചു. ഒരു ബസ് വരുമ്പോൾ കയറിയില്ലെങ്കിൽ അതു നഷ്‌ടപ്പെടും. നിശ്ചിത കാലയളവിൽ പോർട്ടൽ തുറന്നിരുന്നുവെന്നും ചൂണ്ടിക്കാട്ടി. പോർട്ടലിലെ സാങ്കേതിക തകരാറുകാരണം നിരവധി വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാൻ കഴിഞ്ഞില്ലെന്നും ഒരാഴ്‌ചത്തെ സമയം അനുവദിക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചില്ല.

1.68 ലക്ഷം വിദ്യാർത്ഥികൾ പുനർമൂല്യ നിർണയത്തിനായി വിജയകരമായി അപേക്ഷിച്ചതായി സി.ബി.എസ്.ഇയ്ക്കു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത അറിയിച്ചു.

Read News ⏭️

Back to top button