ശിവഗിരിയിലെ ഗുരുദേവ ജയന്തി ആഘോഷം സ്പീക്കർ തിരുവഞ്ചൂർ ഉദ്ഘാടനം ചെയ്യും

ശിവഗിരി: ശ്രീനാരായണ ഗുരുവിന്റെ 172-ാമത് ജയന്തി ആഘോഷം 28ന് ശിവഗിരിയിൽ വിപുലമായ പരിപാടികളോടെ നടക്കും.പുലർച്ചെ 4.30ന് പർണശാലയിൽ ശാന്തി ഹവനം.രാവിലെ 7ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ധർമ്മപതാക ഉയർത്തും.ജപയജ്ഞം ദീപപ്രകാശനം സ്വാമി അവ്യാനന്ദ നിർവഹിക്കും..
രാവിലെ 9.30ന് ജയന്തി സമ്മേളനം സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.അടൂർ പ്രകാശ് എം.പി, വി.ജോയ് എം.എൽ.എ,വർക്കല നഗരസഭാ ചെയർപേഴ്സൺ ഗീതാ ഹേമചന്ദ്രൻ,കെ.ജി ബാബുരാജൻ,കെ മുരളീധരൻ മുരളിയാ, യോഗം ശിവഗിരി യൂണിയൻ പ്രസിഡൻറ് ബി. ജയപ്രകാശൻ എന്നിവർ സംസാരിക്കും .ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അധ്യക്ഷത വഹിക്കും.ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ സ്വാമി സ്വാഗതം പറയും.ട്രഷറർ സ്വാമി ശാരദാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും.ജയന്തി ആഘോഷ കമ്മിറ്റി സെക്രട്ടറി സ്വാമി വിരജാനന്ദഗിരി നന്ദി പറയും.
രാവിലെ 11.30ന് ശ്രീനാരായണധർമ്മ ചർച്ചാസമ്മേളനം മന്ത്രി എം.ലിജു ഉദ്ഘാടനം ചെയ്യും.ബി.ബി ഗോപകുമാർ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രിയദർശിനി,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സന്തോഷ് കുമാർ, യോഗം ശിവഗിരി യൂണിയൻ സെക്രട്ടറി അജി എസ്.ആർ.എം തുടങ്ങിയവർ സംസാരിക്കും.പുസ്തക
പ്രകാശനവും ചതയദീപം തെളിക്കലും നടക്കും.
വൈകിട്ട് 5ന് പഞ്ചവാദ്യം,മുത്തുക്കുടകൾ,ഗുരുദേവ വിഗ്രഹം വഹിക്കുന്ന രഥം,ശിങ്കാരിമേളം, വിവിധ കലാരൂപങ്ങൾ എന്നിവയുടെ അകമ്പടിയോടെ ജയന്തി ഘോഷയാത്ര ശിവഗിരിയിൽ നിന്നാരംഭിക്കും.ശിവഗിരി ഹയർ സെക്കൻഡറി സ്കൂൾ, നഴ്സിംഗ് കോളേജ്, എസ്.എൻ. കോളേജ്, വട്ടപ്ലാംമൂട്,പാലച്ചിറ,കിടാവിത്തുവിള,പുത്തൻചന്ത,ആയുർവേദ ആശുപത്രി ജങ്ഷൻ,മൈതാനം, റെയിൽവേ സ്റ്റേഷൻ വഴി രാത്രി 10ന് മഹാസമാധിയിൽ തിരിച്ചെത്തും.
ജയന്തി ദിനം മുതൽ മഹാസമാധി ദിനം വരെ മഹാഗുരുപൂജ ,മഹാശാന്തിഹവനം, വിശേഷാൽ ശാരദാപൂജ, അഖണ്ഡനാമജപ യജ്ഞം എന്നിവയും ഉണ്ടായിരിക്കും. ജയന്തി ആഘോഷത്തിൽ എല്ലാവരും ഒത്തു ചേർന്ന് ആത്മപ്രതിജ്ഞയെടുക്കണമെന്ന് സ്വാമി സച്ചിദാനന്ദ , സ്വാമി ശുഭാംഗാനന്ദ, സ്വാമി ശാരദാനന്ദ, സ്വാമി വിരജാനന്ദഗിരി എന്നിവർ അറിയിച്ചു.


