NEWS

കരുവാറ്റ കൊലപാതകം: മോഷണശ്രമം പിടികൂടിയതിലെ വിരോധമോ മോശം പെരുമാറ്റമോ? മൊഴികൾ മാറ്റി പെൺകുട്ടി


ആലപ്പുഴ∙ ഹരിപ്പാട് കരുവാറ്റയിൽ ഗൃഹനാഥന്റെ കൊലപാതകവും കവർച്ചയും ആസൂത്രണം ചെയ്തെന്നു പൊലീസ് കണ്ടെത്തിയ പതിമൂന്നുകാരിയായ കൊച്ചുമകൾ നിരന്തരം മൊഴിമാറ്റുന്നതു പൊലീസിനെ കുഴക്കുന്നു. ദുരുദ്ദേശ്യത്തോടെ പെരുമാറിയതിലെ പക മൂലമാണു മുത്തച്ഛനെ കൊലപ്പെടുത്താൻ സുഹൃത്തിനോട് ആവശ്യപ്പെട്ടത് എന്നാണു പെൺകുട്ടി ആദ്യ ദിവസം നൽകിയ മൊഴി. എന്നാൽ, വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണം മോഷ്ടിക്കാനുള്ള ശ്രമം മുത്തച്ഛൻ കണ്ടുപിടിച്ചതിനെ തുടർന്നാണു കൊല ആസൂത്രണം ചെയ്തതെന്നാണു കഴിഞ്ഞ ദിവസത്തെ മൊഴി. 14ന് രാത്രി 8 മണിക്കു ശേഷം നടന്നതായാണു രണ്ടു സംഭവങ്ങളിലും പറയുന്നത്. വയോധികനും കൊച്ചുമകളും മാത്രമാണ് അന്നു വീട്ടിലുണ്ടായിരുന്നത്. പിറ്റേന്നു രാത്രിയായിരുന്നു കൊലപാതകം. കവർച്ചയും കൊലപാതകവും ആസൂത്രണം ചെയ്തതു കൊല്ലത്തുള്ള കൂട്ടുകാരനാണെന്നും അവൻ നിർബന്ധിച്ചപ്പോഴാണു വീട്ടിലേക്കുള്ള വഴി പറഞ്ഞുകൊടുത്തതെന്നും ഇതിനിടെ പെൺകുട്ടി വീണ്ടും മൊഴിമാറ്റി. ഇതോടെയാണു ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെയും കൗൺസലറുടെയും സാന്നിധ്യത്തിൽ കുട്ടിയെ വീണ്ടും ചോദ്യം ചെയ്യാൻ പൊലീസ് തീരുമാനിച്ചത്. അതിനായി ശിശുക്ഷേമ സമിതിയുടെ സഹായം തേടി.


Fashion ⏭️

Back to top button