NEWS

കർക്കടക വാവുബലി തർപ്പണം ആരംഭിച്ചു; പിതൃമോക്ഷ പുണ്യം തേടി ആയിരങ്ങൾ, ചടങ്ങുകൾ വൈകിട്ട് 3 വരെ


ആലുവ∙ കർക്കടക വാവുബലി തർപ്പണം ആരംഭിച്ചു. പിതൃമോക്ഷ പുണ്യം തേടി സംസ്ഥാനത്തെ വിവിധ ബലിതർപ്പണ കേന്ദ്രങ്ങളിൽ ആയിരക്കണക്കിന് ആളുകളാണ് എത്തിക്കൊണ്ടിരിക്കുന്നത്. ഇന്നു രാവിലെ 2 മണി മുതൽ ആരംഭിച്ച ചടങ്ങുകൾ വൈകിട്ടു 3 വരെ നീളും. സംസ്ഥാനത്തെ വിവിധ പുണ്യസ്ഥലങ്ങളിൽ ആയിരങ്ങളാണ് വാവുബലി തർപ്പണത്തിന് എത്തിയത്. തിരുവനന്തപുരത്ത് തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രം, ശംഖുമുഖം, വർക്കല പാപനാശം എന്നിവിടങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.കൊച്ചിയിൽ ആലുവ മണപ്പുറത്ത് വലിയ തിരക്കാണ് ഇപ്പോഴുള്ളത്. പെരിയാർ തീരത്തെ 40 താൽക്കാലിക ബലിത്തറകളിൽ പുലർച്ചെ തർപ്പണം ആരംഭിച്ചു. രാത്രി 12 മണി മുതൽ മെട്രോ സർവീസ് ആരംഭിച്ചിരുന്നു. രണ്ടു ദിവസം മഴ ഇല്ലാതിരുന്നതിനാൽ മണപ്പുറത്തെ ചെളി ഒതുങ്ങിയതു ഭക്തർക്ക് അനുഗ്രഹമായി. ക്ഷേത്ര ദർശനത്തിന് ഒരേസമയം 500 പേർക്കു വരി നിൽക്കാവുന്ന പന്തൽ ഒരുക്കിയിട്ടുണ്ട്. മണപ്പുറത്തെ നടവഴികൾ ബാരിക്കേഡ് കെട്ടി തിരിച്ചു. പുഴയിൽ ഇറിഗേഷൻ വകുപ്പ് ജലനിരപ്പ് ക്രമീകരിച്ചിട്ടുണ്ടെങ്കിലും അടിയൊഴുക്ക് ശക്തമായതിനാൽ അധികൃതരുടെ നിർദേശങ്ങൾ പാലിച്ചു മാത്രമേ ഇറങ്ങാവൂ. കാലാവസ്ഥ പ്രതികൂലമായാൽ പുഴയോരത്തുനിന്നു ബലിതർപ്പണം മുകളിലേക്കു മാറ്റാനുള്ള ബദൽ സംവിധാനങ്ങളും ദേവസ്വം ബോർഡ് ഒരുക്കിയിട്ടുണ്ട്. സംസ്ഥാനത്തു വിവിധ ജില്ലകളിൽ ഒട്ടേറെ ക്ഷേത്രങ്ങളിലും ബലിതർപ്പണത്തിനു സൗകര്യം ഒരുക്കിയിട്ടുണ്ട്.


Fashion ⏭️

Back to top button