NEWS

‘മിസ്റ്റർ മസ്ക്, ഇന്ത്യ കോളനി അല്ല; ‘നയം’ പഠിപ്പിക്കാൻ ഒരു ശതകോടീശ്വരനും വരേണ്ട’: വിമർശനവുമായി കമൽ ഹാസൻ


സ്റ്റാർലിങ്കിന് ഇന്ത്യയിൽ പ്രവർത്തനാനുമതി വൈകുന്നതിൽ മുകേഷ് അംബാനിക്കെതിരെ വിമർശനമുന്നയിച്ച ഇലോൺ മസ്കിനെതിരെ തുറന്നടിച്ച് ചലച്ചിത്രതാരവും രാജ്യസഭാ എംപിയുമായ കമൽ ഹാസൻ. ഇന്ത്യ ഇപ്പോൾ ഒരു കോളനി അല്ല, ജനാധിപത്യ രാജ്യമാണെന്നും ഒരു ശതകോടീശ്വരനും രാജ്യത്തിന്റെ നയം എന്താകണമെന്ന് തീരുമാനിക്കാൻ ഇങ്ങോട്ട് വരേണ്ടെന്നും കമൽ ഹാസൻ പറഞ്ഞു. ‘‘മിസ്റ്റർ മസ്ക്, ഇന്ത്യനായാലും അമേരിക്കനായാലും ഒരു ശതകോടീശ്വരനും ഇന്ത്യയുടെ നയം എന്താകണമെന്ന് തീരുമാനിക്കാൻ വരേണ്ട’’ – കമൽ ഹാസൻ എക്സിൽ പറഞ്ഞു. സാറ്റലൈറ്റ് ഇന്റർനെറ്റ് രംഗത്ത് മത്സരത്തെ ഇന്ത്യ സ്വാഗതം ചെയ്യും. അത് വിദേശി കമ്പനിയായാലും സ്വദേശി കമ്പനിയായാലും. ഗ്രാമീണ മേഖലകളിൽ ഉൾപ്പെടെ താങ്ങാവുന്ന നിരക്കിൽ ഇന്റർനെറ്റ് സേവനം ഉറപ്പാക്കുകയാണ് ലക്ഷ്യം. വലിയ സബ്സ്ക്രിപ്ഷൻ ഫീസൊന്നും സാധാരണ കുടുംബങ്ങൾക്ക് താങ്ങാനാവില്ല.ഇന്റർനെറ്റ് കണക്റ്റിവിറ്റി എന്നത് എല്ലാവരെയും ചേർത്തുനിർത്തുന്നതാകണം. അല്ലാതെ, വിവേചനം കൂട്ടുന്നത് ആകരുത്. ഓരോ രാജ്യത്തിനും അവരവരുടെ ദേശീയതൽപ്പര്യം അനുസരിച്ച് തീരുമാനങ്ങളെടുക്കാൻ അവകാശമുണ്ട്. ഇന്ത്യയുടെ ദേശീയ സുരക്ഷയും വിട്ടുവീഴ്ചയ്ക്ക് വിധേയമല്ല. സ്വന്തം നാട്ടിൽ മറ്റൊരു നിലപാടും വിദേശത്ത് വേറൊരു നിലപാടും ശരിയല്ല. യുഎസ് 100% തീരുവ ചൈനീസ് ഇവി കമ്പനികൾക്കുമേൽ ഏർപ്പെടുത്തിയത് സ്വന്തം രാജ്യത്തെ കമ്പനികളെ സംരക്ഷിക്കാനല്ലേ. ഇന്ത്യയും സ്വന്തം കമ്പനികളെ സംരക്ഷിക്കാൻ തീരുമാനമെടുക്കും.  ഇന്ത്യയിലെ പ്രശ്നങ്ങൾ ഇന്ത്യക്കാർതന്നെ ചർച്ച ചെയ്യും, ചോദ്യം ചെയ്യും, വിമർശിക്കും. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. ഭാരത് നെറ്റ് പദ്ധതിതന്നെ നോക്കൂ. 39,888 കോടി രൂപ ചെലവിട്ട പദ്ധതി അതിന്റെ ലക്ഷ്യത്തിൽ എത്തിയില്ലെന്ന് സിഎജി റിപ്പോർട്ട് ചെയ്തു. ഞങ്ങളും പദ്ധതിയെ വിമർശിക്കുന്നു, ചോദ്യം ചെയ്യുന്നു. 


Fashion ⏭️

Back to top button