HEALTH
ജീവിച്ചിരിക്കാൻ എത്രയെത്ര കാരണങ്ങൾ…! | World Mental Health Day: Countless Reasons to Stay Alive

മറ്റുള്ളവരുടെ കുറവുകളും കുറ്റങ്ങളും മാത്രം ചികഞ്ഞ് വിചാരണ ചെയ്യപ്പെടുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ഈ ഓട്ടത്തിനിടയിൽ സ്വന്തം കുറവുകൾ, മറ്റുള്ളവരുടെ കളിയാക്കലുകൾ എന്നിവ ഓർത്ത് നിരാശരായി, ജീവിക്കുന്നത് തന്നെ അർത്ഥശൂന്യമാണെന്ന് കരുതി ജീവിതം അവസാനിപ്പിക്കാൻ തുനിയുന്ന ഒരുപാട് മനുഷ്യരെ നാം ചുറ്റും കാണുന്നുണ്ട്. എന്നാൽ, ഒരൽപ്പം മാറിനിന്ന് ആലോചിച്ചു നോക്കൂ… കുറവുകളെയും കുറ്റപ്പെടുത്തലുകളെയും അപ്പുറം ഈ ഭൂമിയിൽ ജീവിച്ചിരിക്കാൻ നമുക്ക് മുൻപിൽ എത്രയത്ര കാരണങ്ങളുണ്ട്. നിങ്ങൾ അതുല്യനാണ് ഈ ലോകത്ത് നിങ്ങളെപ്പോലെ നിങ്ങൾ മാത്രമേയുള്ളൂ. നിങ്ങളുടെ ചിരി, നിങ്ങളുടെ കഴിവുകൾ, നിങ്ങളുടെ കാഴ്ചപ്പാടുകൾ ഇതൊന്നും മറ്റാർക്കും അനുകരിക്കാനാവില്ല. മറ്റുള്ളവരുടെ അളവുകോലുകൾ വെച്ച് സ്വന്തം മൂല്യം നിശ്ചയിക്കരുത്. നിങ്ങൾ നിങ്ങളുടെ പൂർണ്ണതയിലാണ് ജനിച്ചത്, കുറവുകളോടെയാണെങ്കിലും നിങ്ങൾ ദൈവത്തിന്റെ അപൂർവ്വമായ ഒരു സൃഷ്ടിയാണ്. നാളെ എന്നത് പുതിയൊരു തുടക്കമാണ് ഇന്ന് അനുഭവിക്കുന്ന വേദനയും നിരാശയും ശാശ്വതമല്ല. ഇന്നലെകളിൽ നിങ്ങൾ നേരിട്ട തിരിച്ചടികൾ നിങ്ങളുടെ ജീവിതത്തിന്റെ അവസാനമല്ല, അത് അടുത്ത അധ്യായത്തിലേക്കുള്ള വഴികാട്ടി മാത്രമാണ്. നാളത്തെ സൂര്യോദയം നിങ്ങൾക്ക് പുതിയ അവസരങ്ങളും പുതിയ പ്രതീക്ഷകളും തരാൻ കാത്തിരിക്കുന്നുണ്ട്. സ്നേഹിക്കാൻ, അനുഭവിക്കാൻ ഒരുപാടുണ്ട്കുറ്റപ്പെടുത്തുന്ന കുറച്ചു മനുഷ്യർക്ക് അപ്പുറത്ത് നമ്മെ ആത്മാർത്ഥമായി സ്നേഹിക്കുന്ന, നമ്മെ തിരയുന്ന ചുരുക്കം ചിലരെങ്കിലും ഉണ്ടാകും. അവരെ ഓർക്കുക. അതിനുപുറമേ ഇന്നലെ ഒരുപാട് സ്വപ്നങ്ങളുമായി കിടന്നുറങ്ങിയ പല മനുഷ്യരും ഇന്ന് രാവിലെ മരണത്തിലേക്ക് യാത്രയായവരായി ഉള്ള ഒരു ലോകത്താണ് ഇന്നും നാം നിലനിൽക്കുന്നത് എന്ന് ഓർക്കേണ്ടതാണ്. ഒരു മഴത്തുള്ളിയുടെ തണുപ്പ് അനുഭവിച്ചറിയാൻ, രാവിലത്തെ തേയിലച്ചായയുടെ മണം ആസ്വദിക്കാൻ, പ്രകൃതിയുടെ ഭംഗി കണ്ടുനിൽക്കാൻ, ഇങ്ങനെ കൊച്ചുകൊച്ചു സന്തോഷങ്ങൾ അനുഭവിക്കാൻ ഈ ജീവിതം ബാക്കിയുണ്ട്. സ്വന്തം കാരണങ്ങൾ കൊണ്ടല്ലാതെ ഇതിനൊന്നും സാധിക്കാത്ത ഒരുപാട് ഹതഭാഗ്യവാന്മാർ ഉള്ള ലോകത്താണ് ഞാൻ ഉള്ളത് എന്ന് ഓർക്കണം. കുറവുകൾ പരാജയമല്ല, ജീവന്റെ അടയാളമാണ്ഒരു മനുഷ്യനും പൂർണ്ണനല്ല. കുറ്റങ്ങളും കുറവുകളും എല്ലാവർക്കുമുണ്ട്. തെറ്റുകളിൽ നിന്നാണ് മനുഷ്യൻ വളരുന്നത്. വീഴ്ചകളെ നിങ്ങളുടെ അവസാനമായി കാണാതെ, വളരാനുള്ള പടവുകളായി കാണുക. നിങ്ങളുടെ കുറവുകളെ സ്നേഹിക്കാൻ തുടങ്ങുമ്പോൾ മറ്റുള്ളവരുടെ വാക്കുകൾ നിങ്ങളെ തളർത്താൻ കഴിയില്ല. മറ്റൊരാളുടെ വെളിച്ചമാകാൻ നിങ്ങൾക്ക് കഴിയുംഇന്ന് നിങ്ങൾ അനുഭവിക്കുന്ന വേദന നാളെ സമാനമായ സാഹചര്യത്തിലൂടെ കടന്നുപോകുന്ന മറ്റൊരു മനുഷ്യന് താങ്ങാവാനും, വഴികാട്ടിയാവാനും നിങ്ങളെ പ്രാപ്തനാക്കും. നിങ്ങളുടെ ജീവിതം മറ്റൊരാൾക്ക് പ്രതീക്ഷയുടെ സന്ദേശമായി മാറും. മാറ്റം മാത്രമാണ് ശാശ്വതം ഇപ്പോൾ നിങ്ങൾക്ക് ചുറ്റുമുള്ള ഇരുട്ട് എന്നും ഇങ്ങനെയായിരിക്കില്ല. സമയം മാറുമ്പോൾ കാര്യങ്ങളും മാറും. ഒരു രാത്രിയും പുലരാതിരുന്നിട്ടില്ല. നിങ്ങളുടെ മനസ്സിലെ സങ്കടങ്ങളും ഒരുനാൾ മാഞ്ഞുപോകും, ഉറപ്പ്! ഓർക്കുക ആളുകളുടെ വാക്കുകൾക്കോ വിമർശനങ്ങൾക്കോ നിങ്ങളുടെ ജീവിതത്തിന്റെ വില നിശ്ചയിക്കാനുള്ള ശക്തിയില്ല. നിങ്ങളുടെ ശ്വാസത്തിനും നിങ്ങളുടെ സാന്നിധ്യത്തിനും ഈ ലോകത്ത് വലിയ അർത്ഥമുണ്ട്. ഓടിയൊളിക്കാനല്ല, തിരിച്ചുവരാനാണ് ജീവിതം. നിങ്ങൾ തട്ടിയും തടഞ്ഞും മുന്നോട്ട് പോകേണ്ട ആളാണ്, വീണുപോവേണ്ടവനല്ല! മറ്റുള്ളവരുടെ വിമർശനങ്ങളും സ്വന്തം വീഴ്ചകളും മാത്രം കണ്ടുകൊണ്ട്, ആത്മവിശ്വാസം നഷ്ടപ്പെട്ട് ജീവിതം ഉപേക്ഷിക്കാൻ നാം മുതിരരുത്.
Life Style ⏭️




