കോംബോ ഓഫറിൽ ഷവർമയും ഷവായും; വാങ്ങി കഴിച്ച 12 പേർ ആശുപത്രിയിൽ, കടയ്ക്കാവൂരിൽ കട പൂട്ടി

പ്രതീകാത്മക ചിത്രം
ചിറയിൻകീഴ്: കടയ്ക്കാവൂർ തെക്കുംഭാഗം എസ്ആർവി എൽപി സ്കൂളിന് സമീപമുള്ള ‘സിഗ്നേച്ചർ ഡിഷ്’ എന്ന കടയിൽ നിന്ന് ഷവർമയും ഷവായും കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയേറ്റു. തിങ്കളാഴ്ച ഇവിടെനിന്ന് ഭക്ഷണം വാങ്ങി കഴിച്ചവരാണ് വയറിളക്കം, ഛർദി, തലക്കറക്കം, ശ്വാസംമുട്ട് എന്നീ ലക്ഷണങ്ങളോടെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലും കടയ്ക്കാവൂരിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടിയത്. നിലവിൽ 12 പേർ ചികിത്സയിലാണ്.
കടയ്ക്കാവൂർ സ്വദേശികളായ സ്നേഹ, സംഗീത്, ഗിരീഷ്, ദീപ, ശുഭ, ആയാന്റെ വിള സ്വദേശികളായ ബിജു, മണി, രത്നമ്മ, പ്രിയറാണി, ദക്ഷിണ, അഞ്ചുതെങ്ങ് വാടയിൽ സ്വദേശികളായ ഉദയകുമാർ, ഗിരീശൻ, നിരുപമ, ഗ്രീഷ്മ, ഗൗരിനന്ദ, ഗൗതം കൃഷ്ണ, കടയ്ക്കാവൂർ ഊട്ടുപറമ്പ് സ്വദേശികളായ ലാലി, ഷിബിൻ, മിന്നു, സെയിൻ, ഇഅമി എന്നിവരാണ് ചികിത്സ തേടിയത്.
കോംബോ ഓഫർ വഴി ഷവർമയും ഷവായിയും ലഭ്യമാവുമെന്ന പരസ്യം കണ്ടാണ് പലരും ഭക്ഷണം വാങ്ങിയതെന്ന് നാട്ടുകാർ പറയുന്നു. ചികിത്സയിലുള്ള ആരുടെയും നില ഗുരുതരമല്ല. ഇവരുടെ ബന്ധുക്കൾ കടയ്ക്കാവൂർ പൊലീസിലും പഞ്ചായത്ത് ഓഫീസിലും പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ ഭക്ഷ്യസുരക്ഷാ വിഭാഗം സ്ഥലത്തെത്തി കട അടച്ചുപൂട്ടി. മതിയായ രേഖകൾ ഇല്ലാതെയാണ് കട പ്രവർത്തിച്ചിരുന്നതെന്ന് അധികൃതർ കണ്ടെത്തി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് അധികൃതർ വ്യക്തമാക്കി.
RELATED TOPICS: KADAKKAVOOR SHAWARMA, SHAWARMA FOOD POISONING, KERALA FOOD SAFETY, SHAWAYA COMBO OFFER, KADAKKAVOOR HOTEL NEWS
Source link
NEWS


